ADVERTISEMENT

കൊളംബോ∙ ഇന്ത്യൻ പരിശീലകനെന്ന നിലയിൽ ട്വന്റി20യിൽ മികച്ച തുടക്കം കുറിച്ചെങ്കിലും, ഏകദിനത്തിൽ ഗൗതം ഗംഭീറിന് പരീക്ഷണ ദിവസങ്ങൾ. താരതമ്യേന ദുർബലരായ ശ്രീലങ്കയ്‍ക്കെതിരായ ഒന്നാം ഏകദിനത്തിൽ ‘ടൈ’ വഴങ്ങിയ ഇന്ത്യ, രണ്ടാം ഏകദിനത്തിൽ ദയനീയമായി തോറ്റു. ഒരിക്കൽക്കൂടി ക്യാപ്റ്റൻ രോഹിത് ശർമ നൽകിയ മികച്ച തുടക്കം മുതലാക്കാനാകാതെയാണ് ഇന്ത്യയുടെ തോൽവി. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 240 റൺസ്. മറുപടി ബാറ്റിങ്ങിൽ വിക്കറ്റ് നഷ്ടം കൂടാതെ 97 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യ, അടുത്ത 111 റൺസിനിടെ 10 വിക്കറ്റും നഷ്ടമാക്കിയാണ് തോൽവിയിലേക്കു വീണത്. ഇതോടെ, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ശ്രീലങ്ക 1–0ന്റെ അപരാജിത ലീഡു നേടി.

44 പന്തിൽ 64 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശുഭ്മൻ ഗിൽ (44 പന്തിൽ 35), അക്ഷർ പട്ടേൽ (44 പന്തിൽ 44) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 10 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ജെഫ്രി വാർഡർസേയാണ് ഇന്ത്യയെ തകർത്തത്. ക്യാപ്റ്റൻ ചരിത് അസലങ്ക 6.2 ഓവറിൽ രണ്ട് മെയ്ഡൻ സഹിതം 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. അവസാന ബാറ്ററായ അർഷ്ദീപ് സിങ് റണ്ണൗട്ടായി. ഇന്ത്യയ്‌ക്കെതിരെ ഏകദിനത്തിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച മൂന്നാമത്തെ ബോളിങ് പ്രകടനമാണ് ജെഫ്രിയുടേത്. ഏറ്റവും മികച്ച രണ്ട് ബോളിങ് പ്രകടനങ്ങളും ശ്രീലങ്കൻ താരങ്ങളുടെ പേരിൽത്തന്നെയാണ്. 2000ൽ ഷാർജയിൽ 30 റൺസ് വഴങ്ങി ഏഴു വിക്കറ്റെടുത്ത മുത്തയ്യ മുരളീധരൻ, 2008ൽ കറാച്ചിയിൽ 13 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത അജാന്ത മെൻഡിസ് എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.

ശ്രീലങ്ക ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ഇന്ത്യയ്ക്ക രോഹിത് ശർമ – ശുഭ്മൻ ഗിൽ സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒരിക്കൽക്കൂടി ഓപ്പണറായെത്തി സ്ഫോടനാത്മക ബാറ്റിങ് പുറത്തെടുത്ത രോഹിത് 44 പന്തിൽ അഞ്ച് ഫോറും നാലു സിക്സും സഹിതം നേടിയത് 64 റൺസ്. ഇത്തവണയും മന്ദഗതിയിലായിരുന്ന ശുഭ്മൻ ഗിൽ 44 പന്തിൽ മൂന്നു ഫോറുകൾ സഹിതം 35 റൺസെടുത്തു. ഇവർ പുറത്തായതിനു പിന്നാലെ ഒരിക്കൽപ്പോലും ഇന്ത്യയ്ക്ക് മികവു കാട്ടാനായില്ല. വിരാട് കോലി 19 പന്തിൽ രണ്ടു ഫോറുകൾ സഹിതം 14 റൺസെടുത്ത് പുറത്തായി. നാലാമനായി ശിവം ദുബെയെ പരീക്ഷിച്ച തീരുമാനം പാളി. നാലു പന്തിൽ സംപൂജ്യനായി ദുബെ പുറത്ത്.

ഈ ഏകദിന പരമ്പരയിലൂടെ ടീമിലേക്കു തിരിച്ചെത്തിയ ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നിവർ വീണ്ടും നിരാശപ്പെടുത്തി. അയ്യർ ഒൻപതു പന്തിൽ ഒരു ഫോർ സഹിതം ഏഴു റൺസെടുത്തപ്പോൾ, രാഹുൽ രണ്ടു പന്തു നേരിട്ട് പൂജ്യത്തിനു മടങ്ങി. ഏഴാം വിക്കറ്റിൽ അക്ഷർ പട്ടേൽ – വാഷിങ്ടൻ സുന്ദർ സഖ്യം 10 ഓവർ ക്രീസിൽ നിന്ന് 38 റൺസ് കൂട്ടിച്ചേർത്തെങ്കിലും കൂട്ടുകെട്ട് ശ്രീലങ്കൻ നായകൻ ചരിത് അസലങ്ക പൊളിച്ചു. 44 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 44 റൺസെടുത്ത അക്ഷറിനെ അസലങ്ക സ്വന്തം ബോളിങ്ങിൽ പിടികൂടി. പിന്നാലെ വാഷിങ്ടൻ സുന്ദർ 40 പന്തിൽ 15 റൺസുമായി പുറത്തായതോടെ ഇന്ത്യൻ തോൽവി ഉറപ്പിച്ചു. കുൽദീപ് യാദവ് (27 പന്തിൽ പുറത്താകാതെ 7), മുഹമ്മദ് സിറാജ് (18 പന്തിൽ നാല്), അർഷ്ദീപ് സിങ് (നാലു പന്തിൽ മൂന്ന്) എന്നിങ്ങനെയാണ് വാലറ്റക്കാരുടെ പ്രകടനം.

∙ ശ്രദ്ധാപൂർവം ലങ്ക!

നേരത്തെ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 240 റൺസെടുത്തു. 62 പന്തില്‍ 40 റൺസെടുത്തു പുറത്തായ ഓപ്പണർ ആവിഷ്ക ഫെർണാണ്ടോയും 44 പന്തിൽ 40 റൺസെടുത്ത് കാമിന്ദു മെൻഡിസും ശ്രീലങ്കയ്ക്കായി തിളങ്ങി. ഇന്ത്യയ്ക്കായി വാഷിങ്ടൻ സുന്ദർ മൂന്നു വിക്കറ്റുകളും കുൽദീപ് യാദവ് രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. ദുനിത് വെല്ലാലഗെ (35 പന്തിൽ 39), കുശാൽ മെൻ‍ഡിസ് (42 പന്തിൽ 30) എന്നിവരാണ് ശ്രീലങ്കയുടെ മറ്റു പ്രധാന സ്കോറർമാർ.

മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഓപ്പണർ പാത്തും നിസ്സങ്കയെ നഷ്ടപ്പെട്ട ശ്രീലങ്കയുടെ റണ്ണൊഴുക്ക് പതുക്കെയായിരുന്നു. 24.5 ഓവറുകളിലാണ് (149 പന്തുകൾ) ശ്രീലങ്ക 100 പിന്നിട്ടത്. 200 റൺസിലേക്ക് എത്തിയതാകട്ടെ 45. 3ഓവറുകളിലും. മധ്യനിരയിൽ ദുനിത് വെല്ലാലഗെയും കമിന്ദു മെൻഡിസും തിളങ്ങിയതോടെയാണ് ശ്രീലങ്ക മെച്ചപ്പെട്ട സ്കോറിലേക്കെത്തിയത്. മുഹമ്മദ് സിറാജും അക്ഷർ പട്ടേലും ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

∙ കൂടുതൽ ഇന്ത്യൻ താരങ്ങൾ എൽബിയിലൂടെ പുറത്തായ മത്സരങ്ങൾ

5 – ബംഗ്ലദേശിനെതിരെ മിർപുരിൽ, 2014
5 – ശ്രീലങ്കയ്‍ക്കെതിരെ കൊളംബോയിൽ (ഒന്നാം ഏകദിനം)
5  – ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിൽ (ഇന്ന്)

∙ ഏകദിനത്തിൽ ഇന്ത്യ സ്പിന്നിനെതിരെ കൂടുതൽ വിക്കറ്റ് നഷ്ടമാക്കിയ മത്സരങ്ങൾ

10 – ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിൽ, 2023
9 – ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിൽ, 1997
9 – ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിൽ, (ഒന്നാം ഏകദിനം)
9 – ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിൽ, (ഇന്ന്)

∙ 2011 മുതൽ ഇന്ത്യയ്‌ക്കെതിരെ 250നു താഴെയുള്ള സ്കോറുകൾ വിജയകരമായി പ്രതിരോധിച്ച ടീമുകൾ

190 – വെസ്റ്റിൻഡീസ് നോർത്ത് സൗണ്ടിൽ, 2017
240 – ന്യൂസീലൻഡ് മാഞ്ചസ്റ്ററിൽ, 2019
241 – ശ്രീലങ്ക കൊളംബോയിൽ, 2024 *
243 – ന്യൂസീലൻഡ് ഡൽഹിയിൽ, 2016
247 – ഇംഗ്ലണ്ട് ലോർഡ്സിൽ, 2022

English Summary:

Sri Lanka-India Second ODI Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com