ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണിയെ ‘അൺകാപ്ഡ്’ താരമായി ടീമിൽ നിലനിർത്താനുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെ തന്ത്രത്തെ പ്രോത്സാഹിപ്പിക്കാതെ മറ്റ് ഐപിഎൽ ടീമുകൾ. ധോണി വിരമിച്ച് ഏഴു വർഷത്തോളമാകുമ്പോഴാണ് താരത്തെ ഐപിഎൽ കളിപ്പിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ഇങ്ങനെയൊരു ആശയം കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഐപിഎൽ ഫ്രാഞ്ചൈസികളുടെ യോഗത്തിൽ ഇതു ചർച്ചയാകുകയും ചെയ്തു. ഐപിഎല്ലിന്റെ 2008ലെ ആദ്യ സീസണിൽ ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരുന്നു.

രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച് അഞ്ചു വർഷം കഴിയുന്ന താരങ്ങളെ ‘അൺകാപ്ഡ്’ ആയി പരിഗണിക്കാനായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ ഇത് ഒരു ടീമും ഉപയോഗിച്ചിരുന്നില്ല. മൂന്നു വർഷങ്ങൾക്കു ശേഷം ഐപിഎൽ സംഘാടകർ ഈ നിയമം ഉപേക്ഷിക്കുകയും ചെയ്തു. 2025 ലെ ലേലത്തിനു മുന്നോടിയായി ഇക്കാര്യം ഉന്നയിച്ചപ്പോൾ ആദ്യം എതിർത്തത് സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഉടമയായ കാവ്യ മാരനായിരുന്നു. സീനിയര്‍ താരങ്ങളെ അപമാനിക്കുന്നതു പോലെയാണ് ഇതെന്നായിരുന്നു കാവ്യയുടെ നിലപാട്.

ഏതു താരമായാലും ഐപിഎൽ ലേലത്തിൽ പങ്കെടുത്തു വില നിർണയിക്കാൻ ടീമുകളെ അനുവദിക്കണമെന്നാണ് കാവ്യയുടെ നിലപാട്. സൺറൈസേഴ്സ് ഹൈദരാബാദിനു പുറമേ മറ്റു ചില ടീമുകളും ചെന്നൈ സൂപ്പർ കിങ്സിന്റെ നീക്കത്തെ എതിർത്തിരുന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.  ധോണിയെ നിലനിർത്തിയില്ലെങ്കിലും ലേലത്തിൽ പോകാതെ ചെന്നൈയിൽ തന്നെ തുടരാനാണ് സിഎസ്കെ ഇങ്ങനെയൊരു ചർച്ച കൊണ്ടുവന്നതെന്നാണു വിലയിരുത്തൽ. 2022 ലെ മെഗാലേലത്തിനു മുൻപ് 12 കോടി രൂപ കൊടുത്താണ് ധോണിയെ ചെന്നൈ ടീമിൽ നിർത്തിയത്.

2025ലെ ഐപിഎൽ കളിക്കുമോയെന്ന് ധോണി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ക്യാപ്റ്റൻ സ്ഥാനം ഋതുരാജ് ഗെയ്ക്‌വാദിനു നല്‍കിയ ധോണി കഴിഞ്ഞ സീസണിൽ ഫിനിഷറുടെ റോളിലാണു കളിച്ചത്. താരങ്ങളെ നിലനിർത്തുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായ ശേഷം കളിക്കുന്ന കാര്യം പറയാമെന്നാണു ധോണിയുടെ നിലപാട്.

English Summary:

Retired players in IPL auction pool as uncapped cricketers, multiple franchises disagree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com