പഞ്ചാബ് കിങ്സിൽ തര്‍ക്കം, സഹ ഉടമയ്ക്കെതിരെ കേസിന് പോയി പ്രീതി സിന്റ
Mail This Article
മൊഹാലി∙ ഐപിഎൽ ടീമായ പഞ്ചാബ് കിങ്സിന്റെ സഹ ഉടമയ്ക്കെതിരെ നിയമ നടപടിയുമായി പ്രീതി സിന്റ. പുതിയ സീസണിനുള്ള ഒരുക്കത്തിനിടെയാണ് ടീം ഉടമകൾ തമ്മിലുള്ള തർക്കം പുറത്തുവന്നത്. പഞ്ചാബ് കിങ്സിന്റെ നാല് ഉടമകളിൽ ഒരാളായ മോഹിത് ബർമനെതിരെ പ്രീതി സിന്റ ചണ്ഡിഗഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മറ്റ് ഉടമകളുടെ അറിവില്ലാതെ ടീമിന്റെ ഓഹരികൾ മോഹിത് ബർമൻ വിൽക്കാൻ ശ്രമിച്ചതായാണ് ആരോപണം.
ഓഹരികൾ കൈമാറാനുള്ള നടപടികൾ തടയണമെന്ന് പ്രീതി സിന്റ ഹർജിയിൽ ആവശ്യപ്പെട്ടു. പഞ്ചാബ് കിങ്സ് ടീമിന്റെ 45 ശതമാനം ഓഹരികളാണ് മോഹിത് ബർമനുള്ളത്. ഇതിന്റെ ഒരു ഭാഗം മറ്റൊരാൾക്കു വിൽക്കാൻ ശ്രമിക്കുന്നതായാണ് ആരോപണം. സഹ ഉടമകളുടെ സമ്മതമില്ലാതെ ക്ലബ്ബിന്റെ ഓഹരികൾ വിൽക്കരുതെന്നാണു നേരത്തേയുണ്ടായിരുന്ന ധാരണ. മോഹിത് ഇതു ലംഘിച്ചെന്നാണു നടിയുടെ പരാതി. എന്നാൽ ഓഹരികൾ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മോഹിത് ബർമൻ പ്രതികരിച്ചു.
ടീമിന്റെ 23 ശതമാനം ഓഹരികൾ മാത്രമാണ് പ്രീതി സിന്റയുടേത്. നെസ് വാദിയയ്ക്കും 23 ശതമാനം ഓഹരികളുണ്ട്. മോഹിത് ബർമന്റെ ഓഹരികളിൽനിന്ന് 11.5 ശതമാനം മറ്റൊരാൾക്കു വിൽക്കാൻ ശ്രമിച്ചെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. പുതിയ സീസണിനു മുൻപ് ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് പഞ്ചാബ് മാനേജ്മെന്റ്.
ക്യാപ്റ്റൻ ശിഖർ ധവാനെ ഉള്‍പ്പടെ ക്ലബ്ബ് ഒഴിവാക്കിയേക്കുമെന്നും വിവരമുണ്ട്. കഴിഞ്ഞ സീസണിൽ ടീമിനൊപ്പം ചേർന്ന ശശാങ്ക് സിങ്ങിനെ നിലനിർത്തും. കഴിഞ്ഞ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ പഞ്ചാബ് ഒൻപതാം സ്ഥാനക്കാരായാണു സീസൺ അവസാനിപ്പിച്ചത്. ധവാനെ മാറ്റിയാല്‍ താരലേലത്തിൽനിന്ന് പഞ്ചാബിന് പുതിയ ക്യാപ്റ്റനെയും കണ്ടെത്തേണ്ടിവരും.