ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി പ്രിമിയർ ലീഗ് (ഡിപിഎൽ) ഉദ്ഘാടന മത്സരത്തിൽ വൈറലായി ഇന്ത്യൻ താരം ഋഷഭ് പന്തിന്റെ ബോളിങ്. വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്ത്, മത്സരത്തിനിടെ ബോൾ ചെയ്യുന്ന കാഴ്ച ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു. ഇന്ത്യൻ ടീമിൽ എല്ലാ താരങ്ങൾക്കും വ്യത്യസ്ത റോളുകൾ നൽകുന്ന പരിശീലകൻ ഗൗതം ഗംഭീറിന്റെ സ്വാധീനമാണ് പന്തുപോലും പന്തെടുക്കാൻ കാരണമെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

രാജ്യാന്തര ക്രിക്കറ്റിലോ ആഭ്യന്തര ക്രിക്കറ്റിലോ പൊതുവെ പന്തെറിയുന്ന താരമല്ല ഋഷഭ് പന്ത്. വിക്കറ്റ് കീപ്പറായും വൻ ഷോട്ടുകൾ കളിക്കുന്ന ബാറ്ററായുമാണ് പന്ത് പൊതുവെ ശ്രദ്ധിക്കപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ, ഡൽഹി പ്രിമിയർ ലീഗിൽ ബോൾ ചെയ്യാനുള്ള പന്തിന്റെ തീരുമാനം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഡൽഹി അരുൺ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ പൂരാനി ഡൽഹി സിക്സും സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിലാണ് പൂരാനി ഡൽഹിക്കായി പന്ത് ബോളിങ്ങിനെത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പൂരാനി ഡൽഹി നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 197 റൺസെടുത്തത്. 35 പന്തുകൾ നേരിട്ട പന്ത് 32 റൺസാണെടുത്തത്. 41 പന്തിൽ 59 റൺസെടുത്ത അർപ്പിത് റാണ, 19 പന്തിൽ 47 റൺസെടുത്ത വൻഷ് ബേദി എന്നിവരാണ് പൂരാനി ഡൽഹിക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണ ഡൽഹിക്കായി പ്രിയാൻഷ് ആര്യ (30 പന്തിൽ 57), ആയുഷ് ബദോനി (29 പന്തിൽ 57) എന്നിവർ അർധസെഞ്ചറി നേടിയതോടെ അവർ അനായാസം വിജയത്തിലേക്കു കുതിച്ചു. സാർഥക് റായ് 26 പന്തിൽ 41 റൺസുമെടുത്തു.

മത്സരത്തിന്റെ അവസാന ഓവറിൽ സൗത്ത് ഡൽഹിക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് ഒറ്റ റണ്ണാണ്. ഇതോടെയാണ് പന്ത് ബോളിങ്ങിനായി എത്തിയത്. ആദ്യ പന്തു തന്നെ ഫുൾടോസായതോടെ, അഞ്ച് പന്തും മൂന്നു വിക്കറ്റും ബാക്കിനിൽക്കെ അവർ ജയിച്ചുകയറുകയും ചെയ്തു.  

English Summary:

Rishabh Pant takes to bowling in unexpected move at Delhi Premier League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com