ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഉദ്ഘാടന സീസണിൽ ആദ്യ മത്സരം കളിക്കാനിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് 32 പന്തുകളിൽ നേ‍ടിയത് 35 റൺസ്. പുരാനി ഡൽഹി 6 ടീമിന്റെ ക്യാപ്റ്റനായി ഇറങ്ങിയ പന്ത് സൗത്ത് ഡൽഹി സൂപ്പർ സ്റ്റാർസ് ടീമിന്റെ സ്പിൻ ബോളർമാർക്കെതിരെ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുന്നതായിരുന്നു അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിലെ കാഴ്ച. മത്സരത്തിൽ സൗത്ത് ഡൽഹി മൂന്നു വിക്കറ്റ് വിജയം നേടിയിരുന്നു. ആദ്യം ബാറ്റു ചെയ്ത പുരാനി ഡൽഹി 20 ഓവറിൽ‌ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തെങ്കിലും, മറുപടി ബാറ്റിങ്ങിൽ 19.1 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ സൗത്ത് ഡൽഹി വിജയ ലക്ഷ്യത്തിലെത്തി.

ഡൽഹിയിലെ ആഭ്യന്തര താരങ്ങൾക്കു വേണ്ടിയാണ് ടൂർണമെന്റ് നടത്തുന്നതെങ്കിലും, രാജ്യാന്തര മത്സരങ്ങൾ ഇല്ലാത്തതിനാൽ ഡല്‍ഹി പ്രീമിയർ ലീഗ് കളിക്കാൻ ഋഷഭ് പന്തും ഇറങ്ങുകയായിരുന്നു. മൂന്നാം ഓവറിൽ ഓപ്പണര്‍ മൻജീതിനെ നഷ്ടമായതോടെയാണ് ഋഷഭ് പന്ത് മൂന്നാമനായി ബാറ്റിങ്ങിന് ഇറങ്ങിയത്. സൗത്ത് ഡൽഹിയുടെ സ്പിന്നർമാരായ ആയുഷ് ബദോനി, ദിഗ്‍വേഷ് രാതി എന്നിവരെ നേരിടാൻ ബുദ്ധിമുട്ടിയ പന്ത്, 27 ബോളുകളിൽനിന്നാണ് 30 റൺസ് തികച്ചത്. നാലു ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. 

കുന്‍വർ ബിദുരിയുടെ ബോളിലായിരുന്നു ഋഷഭ് പന്തിനു വിക്കറ്റ് നഷ്ടമായത്. ഓപ്പണർ അർപിത് റാണ പുരാനി ഡൽഹിക്കായി അര്‍ധ സെഞ്ചറി തികച്ചു. 41 പന്തുകൾ നേരിട്ട റാണ 59 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച വൻഷ് ബേദിയാണ് പുരാനി ഡൽഹിയെ മികച്ച സ്കോറിലെത്തിച്ചത്. 19 പന്തുകളിൽ 47 റൺസാണു താരം അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങ്ങിൽ മുൻനിര തിളങ്ങിയതോടെയാണ് സൗത്ത് ഡൽഹി വിജയമുറപ്പിച്ചത്. പ്രിയാൻഷ് ആര്യ (30 പന്തിൽ 57), ക്യാപ്റ്റൻ ആയുഷ് ബദോനി (29 പന്തിൽ 57) എന്നിവർ അർധ സെഞ്ചറി തികച്ചു. മധ്യനിരയിൽ തുടർച്ചയായി നാലു വിക്കറ്റുകൾ നഷ്ടമായെങ്കിലും അഞ്ചു പന്തുകൾ ബാക്കിനിൽക്കെ ആയുഷ് ബദോനി നയിക്കുന്ന ടീം വിജയമുറപ്പിക്കുകയായിരുന്നു. പ്രിയാൻഷ് ആര്യയാണു കളിയിലെ താരം.

English Summary:

South Delhi Super Stars beat Purani Delhi in DPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com