‘പ്രൊട്ടക്റ്റ് യുവർ ഡോട്ടർ’ എന്നല്ല, ‘എജ്യുക്കേറ്റ് യുവർ സൺ’ എന്ന് തിരുത്ത്: നിലപാടറിയിച്ച് സൂര്യ, കയ്യടിച്ച് ആരാധകർ
Mail This Article
മുംബൈ∙ കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം കത്തിനിൽക്കെ, സംഭവത്തോട് പരോക്ഷമായി പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ശ്രദ്ധേയമാകുന്നു. സംഭവത്തിൽ കായിക താരങ്ങൾ പൊതുവെ നിശബ്ദത പുലർത്തുന്നതിനിടെയാണ്, രാജ്യസഭാ എംപി കൂടിയായ ഹർഭജൻ സിങ്ങിനു പിന്നാലെ പ്രതികരണവുമായി സൂര്യകുമാർ യാദവും രംഗത്തെത്തിയത്.
‘പ്രോട്ടക്റ്റ് യുവർ ഡോട്ടർ’ എന്ന വാചകം വെട്ടി, ‘എജ്യുക്കേറ്റ് യുവർ സൺ’ എന്ന് എഴുതിച്ചേർത്തിരിക്കുന്ന രീതിയിലാണ് സൂര്യകുമാർ യാദവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. ‘എജ്യുക്കേറ്റ് യുവർ സൺ’ എന്ന വാചകത്തിനൊപ്പം ‘ആൻഡ് യുവർ ബ്രദേഴ്സ്’, ‘ആൻഡ് യുവർ ഫാദർ’, ‘ആൻഡ് യുവർ ഹസ്ബൻഡ്’, ആൻഡ് യുവർ ഫ്രണ്ട്സ്’ എന്നും ചേർത്തിട്ടുണ്ട്.
നേരത്തെ, ഡോക്ടറുടെ മരണത്തിൽ നീതി വൈകുന്നതിനെ ചോദ്യം ചെയ്ത് ഹർഭജൻ സിങ് സമൂഹമാധ്യമത്തിൽ തുറന്ന കത്ത് പങ്കുവച്ചിരുന്നു. സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബംഗാൾ ഗവർണർ ആനന്ദബോസ് എന്നിവർക്ക് കത്തെഴുതിയെന്ന് വ്യക്തമാക്കിയാണ് ഇതിന്റെ ഒരു പകർപ്പ് ഹർഭജൻ തന്റെ ‘എക്സ്’ അക്കൗണ്ടിൽ പങ്കുവച്ചത്.
ആർ.ജി.കാര്‍ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബ്ബുകളുടെ ആരാധകർ എല്ലാ ശത്രുതയും മറന്ന് കൊൽക്കത്തയിൽ ഒരുമിച്ച് പ്രതിഷേധിച്ചു. ഡൽഹിയിലും ഡോക്ടർമാരുടെ പ്രതിഷേധമുണ്ടായി.