കരുൺ നായർക്കൊപ്പം ഫിഫ്റ്റി കൂട്ടുകെട്ട്, ഗൂഗ്ലിക്കെതിരെ കിടിലൻ സിക്സ്: വൈറലായി ദ്രാവിഡിന്റെ മകന്റെ സിക്സർ- വിഡിയോ
Mail This Article
ബെംഗളൂരു∙ കർണാടക ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മഹാരാജ ട്വന്റി20 ടൂർണമെന്റിൽ മൈസൂരു വാരിയേഴ്സിനായി രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡിന്റെ കിടിലൻ സിക്സർ. ഇന്നു നടന്ന ഗുൽബർഗ മിസ്റ്റിക്സിനെതിരായ മത്സരത്തിൽ സമിത് നേടിയ സിക്സറാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. മത്സരത്തിലാകെ 24 പന്തിൽനിന്ന് 33 റൺസെടുത്ത സമിത് ഉൾപ്പെടെയുള്ളവരുടെ മികവിൽ മൈസൂരു നിശ്ചിത 20 ഓവറിൽ 196 റൺസെടുത്തെങ്കിലും, സെഞ്ചറി നേടിയ സ്മരണിന്റെ മികവിൽ ഗുൽബർഗ അവസാന പന്തിൽ വിജയത്തിലെത്തി.
മത്സരത്തിൽ ടോസ് നേടിയ ഗുൽബർഗ നായകൻ ദേവ്ദത്ത് പടിക്കൽ മൈസൂരുവിനെ ആദ്യം ബാറ്റിങ്ങിന് അയച്ചു. വെറും 18 റൺസിനിടെ ഓപ്പണർമാർ രണ്ടുപേരെയും നഷ്ടമാക്കി തകർച്ചയിലേക്കു നീങ്ങിയ മൈസൂരുവിനെ, ക്യാപ്റ്റൻ കരുൺ നായർക്കൊപ്പം ചേർന്ന് അർധസെഞ്ചറി കൂട്ടുകെട്ട് തീർത്താണ് സമിത് ദ്രാവിഡ് രക്ഷിച്ചത്. മൂന്നാം വിക്കറ്റിൽ 49 പന്തിൽനിന്ന് ഇരുവരും സ്കോർ ബോർഡിൽ എത്തിച്ച 83 റൺസാണ് മൈസൂരുവിനെ രക്ഷിച്ചത്.
കരുൺ നായർ 35 പന്തിൽ എട്ടു ഫോറും മൂന്നു സിക്സും സഹിതം 66 റൺസോടെ മൈസൂരുവിന്റെ ടോപ് സ്കോററായി. സമിത് ദ്രാവിഡ് 24 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 33 റൺസെടുത്തും പുറത്തായി. ഇതിനിടെ ഗുൽബർഗ താരം പ്രവീൺ ദുബെ എറിഞ്ഞ 10–ാം ഓവറിലെ രണ്ടാം പന്തിലാണ് കരുൺ നായരെ മറുവശത്ത് സാക്ഷിനിർത്തി സമിത് സിക്സർ നേടിയത്. പ്രവീൺ ദുബെ എറിഞ്ഞ ഗൂഗ്ലിക്കെതിരെ ക്രീസിലേക്ക് ഇറങ്ങിനിന്ന് ഡീപ് കവർ മേഖലയ്ക്കു മുകളിലൂടെ സമിത് അതിർത്തി കടത്തി. ഇതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
കരുൺ നായർ, സമിത് ദ്രാവിഡ് എന്നിവർക്കു പുറണേ 13 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 40 റൺസെടുത്ത ജഗദീഷ സുചിത്തിന്റെ ബാറ്റിങ് കൂടി ചേർന്നതോടെയാണ് മൈസൂരു 196 റൺസിലേക്ക് എത്തിയത്.
മറുപടി ബാറ്റിങ്ങിൽ ഗുൽബർഗയ്ക്ക്് ഏഴു റൺസിനിടെ ഓപ്പണർമാരെ നഷ്ടമായെങ്കിലും, സ്മരണിന്റെ തകർപ്പൻ സെഞ്ചറി രക്ഷയായി. 60 പന്തുകൾ നേരിട്ട സ്മരൺ, 11 ഫോറും നാലു സിക്സും സഹിതം 104 റൺസുമായി പുറത്താകാതെ നിന്നു. സ്കോർ സമാസമം നിൽക്കെ അവസാന ഓവറിലെ അഞ്ചാം പന്തിൽ റണ്ണൗട്ടുമായി മൈസൂരു ‘ടൈ’ പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും, അവസാന പന്ത് ബൗണ്ടറി കടത്തി സ്മരൺ തന്നെ ടീമിനു വിജയം സമ്മാനിച്ചു. ഗുൽബർഗയ്‌ക്കായി അനീഷ് (17 പന്തിൽ 24), പ്രവീൺ ദുബെ (21 പന്തിൽ 37) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഇതുവരെ മൂന്നു കളികളിൽനിന്ന് ഒരേയൊരു ജയം മാത്രം സ്വന്തമാക്കിയ മൈസൂരു വാരിയേഴ്സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇത്ര തന്നെ പോയിന്റുമായി ഗുൽബർഗ അഞ്ചാം സ്ഥാനത്തുമുണ്ട്. മികച്ച റൺറേറ്റിന്റെ മികവിലാണ് മൈസൂരു നാലാമതു നിൽക്കുന്നത്.