ഋഷഭ് പന്തിനെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലേ? വിമർശനവുമായി മുൻ ഇന്ത്യൻ താരം
Mail This Article
മുംബൈ∙ ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഋഷഭ് പന്തിനെ ക്യാപ്റ്റനായി പരിഗണിക്കാത്തതിൽ ബിസിസിഐയ്ക്കെതിരെ വിമര്‍ശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നാലു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് സെപ്റ്റംബർ അഞ്ചിനാണു തുടങ്ങുന്നത്. ‘ടീം ബി’യിൽ കളിക്കുന്ന ഋഷഭ് പന്തിനെ നയിക്കുന്നത് അഭിമന്യു ഈശ്വരനാണ്. വർഷങ്ങൾക്കു മുൻപു തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത് ശർമയ്ക്കു ശേഷം ഋഷഭ് പന്തിന്റെ പേരാണു ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർന്നിരുന്നത്. എന്നാൽ റെഡ് ബോൾ മത്സരങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ പോലും പന്തിനെ ബിസിസിഐ പരിഗണിക്കാത്തതിനെതിനെതിരെ ആകാശ് ചോപ്ര രംഗത്തെത്തുകയായിരുന്നു.
‘‘ഋഷഭ് പന്തിന് ക്യാപ്റ്റൻ സ്ഥാനമില്ല. അഭിമന്യു ഈശ്വരൻ നയിക്കുന്ന ടീമില്‍ അദ്ദേഹം കളിക്കുന്നു. പക്ഷേ പന്തിനെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഇനി പരിഗണിക്കുന്നില്ലേ? എനിക്കിത് സർപ്രൈസാണ്. ഋഷഭ് പന്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ കണ്ടിട്ടുള്ളതു തന്നെ ടെസ്റ്റ് ക്രിക്കറ്റിലാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സെഞ്ചറികൾ നേടിയ ഏക വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ്.’’
‘‘ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ പ്രകടനവും, സ്ഥിരതയും നോക്കുകയാണെങ്കിൽ പന്തിനെ ക്യാപ്റ്റൻ സ്ഥാനത്തേക്കും പരിഗണിക്കാവുന്നതാണ്, ഇതാണ് എന്റെ അഭിപ്രായം.’’– യുട്യൂബ് വിഡിയോയിൽ ആകാശ് ചോപ്ര വ്യക്തമാക്കി. ‘‘ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യർ, അഭിമന്യു ഈശ്വർ എന്നിവരെല്ലാം ക്യാപ്റ്റൻമാരാണ്, പക്ഷേ ഋഷഭ് പന്തു മാത്രം അല്ല. പന്തിനെ ക്യാപ്റ്റനാക്കുന്ന കാര്യത്തിൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെ അഭിപ്രായം എന്താണെന്ന് അറിയാന്‍ എനിക്കു താൽപര്യമുണ്ട്.’’– ആകാശ് ചോപ്ര വ്യക്തമാക്കി.