വനിതാ ട്വന്റി20 ലോകകപ്പ് ബംഗ്ലദേശില്‍നിന്നു മാറ്റി, യുഎഇയിൽ നടക്കുമെന്ന് ഐസിസി പ്രഖ്യാപനം
Mail This Article
മുംബൈ∙ ഈ വർഷത്തെ വനിതാ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ നടക്കും. ആഭ്യന്തര സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ബംഗ്ലദേശിൽ നടത്തേണ്ട ടൂർണമെന്റ് ഐസിസി മാറ്റിയത്. ഈ വർഷം ഒക്ടോബറിലാണ് വനിതാ ലോകകപ്പിന്റെ ഒന്‍പതാം എഡിഷൻ യുഎഇയിൽ നടക്കുക. ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് തന്നെയാണു സംഘാടകർ.
ഒക്ടോബർ മൂന്നു മുതൽ 20 വരെ ദുബായിലും ഷാർജയിലുമായാണു മത്സരങ്ങൾ നടക്കുക. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ ആശങ്കകൾ പരിഗണിച്ചാണ് ടൂർണമെന്റ് യുഎഇയിലേക്കു മാറ്റുന്നതെന്ന് ഐസിസി പ്രസ്താവനയിൽ അറിയിച്ചു. ഐസിസി ആസ്ഥാനം നിലനിൽക്കുന്ന യുഎഇയില്‍ നേരത്തേ 2021 ട്വന്റി20 ലോകകപ്പും നടന്നിട്ടുണ്ട്.
ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിനെതിരെയും പ്രക്ഷോഭകർ തിരിഞ്ഞതോടെ ചെയർമാൻ ജലാൽ യൂനസ് സ്ഥാനമൊഴിഞ്ഞിരുന്നു. ദേശീയ സ്പോർട്സ് കൗൺസിൽ ജലാലിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. ബിസിബി പ്രസിഡന്റ് നസ്മുൽ ഹസനും രാജിവയ്ക്കാൻ ഒരുങ്ങുകയാണെന്നു റിപ്പോർട്ടുകളുണ്ട്.