ഒടുവിൽ ഗൗതം ഗംഭീറിനു പകരക്കാരനെ കണ്ടെത്തി ലക്നൗ, മെന്ററാകാൻ മുൻ ഇന്ത്യൻ താരം
Mail This Article
മുംബൈ∙ മുൻ ഇന്ത്യൻ താരം സഹീർ ഖാനെ മെന്ററുടെ റോളിൽ ടീമിലെത്തിക്കാൻ ശ്രമിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്കാണ് സഹീർ ഖാനെ ലക്നൗ ക്യാംപിൽ എത്തിക്കാനുള്ള നീക്കം നടക്കുന്നത്. 2022 മുതൽ മുംബൈ ഇന്ത്യൻസിന്റെ ക്രിക്കറ്റ് ഡവലപ്മെന്റ് ഗ്ലോബൽ ഹെഡായാണ് സഹീർ പ്രവർത്തിക്കുന്നത്. 2023 സീസണിനു ശേഷം ഗൗതം ഗംഭീർ ഒഴിഞ്ഞ മെന്റർ സ്ഥാനത്തേക്കാണ് ലക്നൗ പുതിയ ആളെ തേടുന്നത്. കഴിഞ്ഞ സീസണിൽ ലക്നൗവിന് മെന്റർ റോളിൽ ആരുമില്ലായിരുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായ ഗൗതം ഗംഭീർ, കഴിഞ്ഞ സീസണിൽ കിരീടം നേടിയ ശേഷമാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. പരിശീലക സംഘത്തിലുണ്ടായിരുന്ന മോണി മോർക്കലിന്റെ സേവനവും ലക്നൗവിന് അടുത്ത സീസണിൽ ലഭിക്കില്ല. ഇന്ത്യൻ ടീമിന്റെ പുതിയ ബോളിങ് പരിശീലകനാണ് മോർക്കൽ.
ലക്നൗ സൂപ്പർ ജയന്റ്സിന്റെ ബോളർമാരെ സഹായിക്കാൻ സഹീർ ഖാനു സാധിക്കുമെന്നാണു ടീം മാനേജ്മെന്റ് വിശ്വസിക്കുന്നത്. സഹീർ ഖാനെ ബോളിങ് കോച്ചിന്റെ സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിച്ചിരുന്നു. എന്നാൽ ഗംഭീറിന്റെ സമ്മർദത്തെ തുടർന്നാണ് ബിസിസിഐ മോണി മോര്‍ക്കലിനെ നിയമിച്ചത്. ജസ്റ്റിൻ ലാംഗറാണ് ലക്നൗ സൂപ്പർ ജയന്റ്സിന്റെ പരിശീലകൻ. ആദം വോഗ്സ്, ലാൻസ് ക്ലൂസ്നര്‍, ജോണ്ടി റോഡ്സ്, ശ്രീധരൻ ശ്രീറാം, പ്രവീൺ താംബെ എന്നിവരും നിലവിൽ ലക്നൗവിന്റെ പരിശീലക സംഘത്തിലുണ്ട്.