ചരിത്രത്തിൽ ആദ്യം, ഒരോവറിൽ 39 റൺസ്, ലോക റെക്കോർഡ്; ഡാരിയസ് സിക്സർ വൈസർ
Mail This Article
രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ ബാറ്റിങ് വെടിക്കെട്ടിന്റെ റെക്കോർഡിന് പസിഫിക് ദ്വീപ് രാജ്യമായ സമോവയിൽ നിന്ന് പുതിയ അവകാശി. ട്വന്റി20 ലോകകപ്പിനുള്ള ഈസ്റ്റ് ഏഷ്യ– പസിഫിക് മേഖലാ യോഗ്യതാ മത്സരത്തിൽ സമോവയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഡാരിയസ് വൈസർ ഒരോവറിൽ അടിച്ചെടുത്തത് 39 റൺസ്! ഇതാദ്യമായാണ് ഒരു ബാറ്റർ രാജ്യാന്തര ട്വന്റി20യിൽ ഒരോവറിൽ 36 റൺസിൽ അധികം നേടുന്നത്.
വൈസറിന്റെ വമ്പനടിയിൽ കടപുഴകിയത് ഇന്ത്യൻ താരം യുവ്‍രാജ് സിങ്ങിന്റെ റെക്കോർഡാണ്. 2007ലെ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ 6 സിക്സുകൾ പറത്തി 36 റൺസ് നേടിയാണ് യുവ്‍രാജ് സിങ് റെക്കോർഡിട്ടത്. പിന്നാലെ വെസ്റ്റിൻഡീസ് താരങ്ങളായ കയ്റൻ പൊള്ളാർഡ്, നിക്കൊളാസ് പുരാൻ, നേപ്പാൾ താരം ദീപേന്ദ്ര സിങ് എന്നിവരും ഒരോവറിൽ 6 സിക്സുകൾ വീതം നേടി റെക്കോർഡിന് ഒപ്പമെത്തിയിരുന്നു.
വനൗതുവിനെതിരായ സമോവയുടെ മത്സരത്തിലാണ് ലോക ക്രിക്കറ്റിലെ അദ്ഭുത റെക്കോർഡ് പിറന്നത്. 15–ാം ഓവറിൽ വനൗതു ബോളർ നാലിൻ നിപികോയായിരുന്നു വൈസറുടെ വെടിക്കെട്ടിന്റെ ഇര. 3 നോബോളുകളടക്കം ആകെ 9 പന്തുകൾ നിപികോ ആ ഓവറിൽ എറിഞ്ഞു. ഇതിൽ 6 സിക്സുകൾ ഉൾപ്പെടെയാണ് ഡാരിയസ് വൈസർ റെക്കോർഡ് ബുക്കിൽ 6 പന്തിൽ 39 എന്ന മാന്ത്രിക സംഖ്യ എഴുതിച്ചേർത്തത്. 62 പന്തിൽ 132 റൺസ് നേടിയ വൈസറുടെ മികവിൽ 174 റൺസ് നേടിയ സമോവ മത്സരം 10 റൺസിന് വിജയിച്ചു. 9 നോബോൾ ഉൾപ്പെടെ 9 പന്തുകളാണ് 15–ാം ഓവറിൽ ഡാരിയസ് വൈസർ നേരിട്ടത്
ഒരോവറിൽ കൂടുതൽ റൺസ്– റെക്കോർഡുകൾ
∙ ടെസ്റ്റ് ക്രിക്കറ്റ്
ജസ്പ്രീത് ബുമ്ര (ഇന്ത്യ)– 35 റൺസ് 2022ൽ ഇംഗ്ലണ്ട് ബോളർ സ്റ്റുവർട്ട് ബ്രോഡിനെതിരെ
∙ ഏകദിന ക്രിക്കറ്റ്
ഹെർഷൽ ഗിബ്സ് (ദക്ഷിണാഫ്രിക്ക)– 36 റൺസ് 2006ൽ നെതർലൻഡ്സ് ബോളർ ഡാൻ വാൻ ബുംഗയുടെ ഓവറിൽ
ജസ്കരൺ മൽഹോത്ര (യുഎസ്എ)– 36 റൺസ് 2021ൽ പാപുവ ന്യൂഗിനി ബോളർ ഗോഡി ടോകയുടെ ഓവറിൽ
∙ ഐപിഎൽ ക്രിക്കറ്റ്
ക്രിസ് ഗെയ്ൽ (ആർസിബി)– 37 റൺസ് 2011ൽ കൊച്ചി ടസ്കേഴ്സ് താരം പ്രശാന്ത് പരമേശ്വരന്റെ ഓവറിൽ
രവീന്ദ്ര ജഡേജ (സിഎസ്കെ)– 37 റൺസ് 2021ൽ ആർസിബി ബോളർ ഹർഷൽ പട്ടേലിനെതിരെ
∙ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്
ഗാരി സോബേഴ്സ് (നോട്ടിങ്ങാംഷെർ)– 36 റൺസ് 1968ൽ ഗ്ലമോർഗൻ താരം മാൽക്കം നാഷിനെതിരെ
രവി ശാസ്ത്രി (ബോംബെ)– 36 റൺസ് 1984ൽ ബറോഡ ബോളർ തിലക് രാജിനെതിരെ