2011 ഐപിഎല്ലിലെ സൂപ്പർ താരം, യുഎസിലേക്കു പറന്ന് പോൾ വാൽത്താട്ടി; ഇനി പുതിയ ചുമതല
Mail This Article
മുംബൈ∙ 2011 ഐപിഎൽ ക്രിക്കറ്റിലെ ആവേശമായിരുന്ന പോൾ വാൽത്താട്ടി ഇനി യുഎസിൽ കളി പഠിപ്പിക്കും. കഴിഞ്ഞ വർഷം ആഭ്യന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വാൽത്താട്ടി മൈനർ ലീഗ് ക്രിക്കറ്റിൽ സിയാറ്റിൽ തണ്ടർബോൾട്സിന്റെ പരിശീലകനായാണ് യുഎസിലേക്കു പോകുന്നത്. 40 വയസ്സുകാരനായ പോൾ വാൽത്താട്ടി ഐപിഎല്ലിന്റെ 2011 സീസണിലാണ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആരാധകരെ കയ്യിലെടുത്തത്.
യുഎസിലെ മേജർ ലീഗ് ക്രിക്കറ്റിന്റെ ഡെവലപ്മെന്റല്‍ ടൂർണമെന്റാണ് മൈനർ ലീഗ്. സിയാറ്റിലെ തണ്ടര്‍ബോൾട്ട്സ് ക്രിക്കറ്റ് അക്കാദമിയിൽ യുവതാരങ്ങളെ കളി പഠിപ്പിക്കുകയെന്നതാണ് പഞ്ചാബ് കിങ്സ് മുൻ താരത്തിന്റെ ചുമതല. യുവതാരങ്ങളെ വളർത്തുന്നതിനായി യുഎസിൽ പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നു വാൽത്താട്ടി പ്രതികരിച്ചു.
2011 ൽ ഐപിഎല്ലിലെ സൂപ്പർ താരമായി മാറിയ വാൽത്താട്ടിക്ക് പിന്നീടുള്ള സീസണുകളിൽ ഇതേ പ്രകടനം ആവർത്തിക്കാൻ സാധിച്ചിരുന്നില്ല. 2013ന് ശേഷം മുംബൈ താരത്തിന് ഒരു ക്ലബ്ബുമായും കരാർ ലഭിച്ചില്ല. കയ്യിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ താരത്തിന് പിന്നീടു പഴയ ഫോമിലേക്കു തിരികെയെത്താന്‍ സാധിച്ചിട്ടില്ല. 2002ലെ അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്ന വാൽത്താട്ടി, 2006ലാണ് മുംബൈയ്ക്കായി ലിസ്റ്റ് എയിൽ അരങ്ങേറുന്നത്.
2009ൽ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിലെത്തിയതോടെയാണ് താരത്തിന്റെ കരിയർ മാറുന്നത്. 2011 ൽ പഞ്ചാബ് കിങ്സിലെത്തിയ താരം ചെന്നൈ സൂപ്പർ കിങ്സിനെതിരെ സെഞ്ചറി നേടി ഞെട്ടിച്ചു. 2011 ല്‍ 14 മത്സരങ്ങളിൽനിന്ന് 463 റൺസാണു താരം സ്കോർ ചെയ്തത്. ഫസ്റ്റ് ക്ലാസിൽ നാലും ലിസ്റ്റ് എയിൽ അഞ്ചും മത്സരങ്ങൾ വാൽത്താട്ടി കളിച്ചിട്ടുണ്ട്.