പാക്കിസ്ഥാനെ നാണംകെടുത്തി, റാവൽപിണ്ടി ടെസ്റ്റിൽ 10 വിക്കറ്റ് വിജയം; ചരിത്രമെഴുതി ബംഗ്ലദേശ്
Mail This Article
റാവൽപിണ്ടി∙ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാനെതിരെ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലദേശ്. ആദ്യ ടെസ്റ്റിൽ പത്തു വിക്കറ്റ് വിജയമാണ് ബംഗ്ലദേശ് റാവൽപിണ്ടി സ്റ്റേഡിയത്തിൽ നേടിയത്. അവസാന ദിവസം രണ്ടാം ഇന്നിങ്സിൽ 30 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലദേശ് 6.3 ഓവറിൽ വിക്കറ്റു പോകാതെ വിജയത്തിലെത്തുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായാണ് ബംഗ്ലദേശ് പാക്കിസ്ഥാനെ തോൽപിക്കുന്നത്.
രണ്ടാം ഇന്നിങ്സിൽ നേരിട്ട കൂട്ടത്തകർച്ചയാണ് മത്സരത്തിൽ പാക്കിസ്ഥാനു തിരിച്ചടിയായത്. മത്സരം സമനിലയാകുമെന്നു കരുതിയിരിക്കെ, രണ്ടാം ഇന്നിങ്സിൽ 55.5 ഓവറിൽ 146 റൺസെടുത്ത് പാക്കിസ്ഥാൻ ഓൾ ഔട്ടായി. 80 പന്തുകളിൽ 51 റൺസെടുത്ത പാക്ക് ബാറ്റർ മുഹമ്മദ് റിസ്‍വാൻ മാത്രമാണു പിടിച്ചുനിന്നത്. മെഹ്ദി ഹസൻ മിറാസ് നാലു വിക്കറ്റുകളും ഷാക്കിബ് അൽ ഹസൻ മൂന്നു വിക്കറ്റുകളും വീഴ്ത്തി പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി.
മത്സരത്തിന്റെ നാലാം ദിനം തന്നെ ബംഗ്ലദേശ് മേൽക്കൈ സ്വന്തമാക്കിയിരുന്നു. 117 റൺസിന്റെ ലീഡാണ് പാക്കിസ്ഥാനെതിരെ ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശ് നേടിയത്. സെഞ്ചറിയുമായി മുഷ്ഫിഖുർ റഹ്മാൻ മുന്നിൽനിന്നു നയിച്ചപ്പോൾ 565 റൺസാണ് ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശ് അടിച്ചുകൂട്ടിയത്. ഏഴാം വിക്കറ്റിൽ 196 റൺസ് നേടിയ മുഷ്ഫിഖുർ (191)– മെഹ്ദി ഹസൻ (77) കൂട്ടുകെട്ടാണ് പാക്ക് ബോളർമാരുടെ പ്രതീക്ഷകൾ തകർത്തത്. ആദ്യ ഇന്നിങ്സിൽ 448 റൺസെടുത്ത പാക്കിസ്ഥാൻ ഡിക്ലയർ ചെയ്യുകയായിരുന്നു.
മുഷ്ഫിഖുർ റഹ്മാനാണു കളിയിലെ താരം. 14 ശ്രമങ്ങൾക്കൊടുവിലാണ് ബംഗ്ലദേശ് പാക്കിസ്ഥാനെ ഒരു ടെസ്റ്റ് മത്സരത്തിൽ തോൽപിക്കുന്നത്. വിജയത്തോടെ രണ്ടു മത്സരങ്ങളുള്ള പരമ്പരയിൽ ബംഗ്ലദേശ് 1–0ന് മുന്നിലെത്തി. മുൻപ് 12 തവണ ഏറ്റുമുട്ടിയപ്പോഴും വിജയം പാക്കിസ്ഥാനൊപ്പമായിരുന്നു. 2015 ൽ ഒരു മത്സരം ബംഗ്ലദേശ് സമനിലയിലാക്കി.