തോറ്റമ്പി നിൽക്കുമ്പോഴും ‘ആറ്റിറ്റ്യൂഡ്’ വിട്ടൊരു കളിയില്ല; വിദേശ പിച്ചുകളിലെ വില്ലാളി വീരൻ
Mail This Article
ക്രിക്കറ്റർ ആയില്ലെങ്കിൽ ആരാകുമായിരുന്നു എന്ന ചോദ്യം ശിഖർ ധവാനോടു ചോദിക്കാൻ ആരും ധൈര്യപ്പെടില്ല. ‘ഷോലെ’ സിനിമയിലെ ഗബ്ബർ സിങ് സ്റ്റൈലിൽ ചാടിവീണു ധവാൻ ചോദ്യകർത്താവിനെ നേരിട്ടുകളയും! ക്രിക്കറ്റർ ആയിരിക്കെ തന്നെ മറ്റു പലതുമാണു താനെന്നു ധവാൻ അനായാസം തെളിയിച്ചിട്ടുണ്ട്. കൊമേഴ്സ് ബിരുദവും ഐബിപിഎസും നേടി ബാങ്ക് ഉദ്യോഗസ്ഥനാകാൻ യോഗ്യത നേടിയയാൾ, ഭംഗിയായി ഓടക്കുഴലൂതുകയും ധോലക് വായിക്കുകയും ഭക്തി ഗാനങ്ങൾ പാടുകയും ചെയ്യുന്ന സംഗീത നിപുണൻ, ഒന്നാന്തരം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഫിറ്റ്നസ് സെന്ററുകളുടെ ശൃംഖല പടുത്തുയർത്തിയ സംരംഭകൻ, പ്രഫഷനൽ ബൈക്ക് റൈഡർ എന്നിങ്ങനെ ധവാന്റെ മികവുകളുടെ നിര നീളും. പക്ഷേ, ക്രിക്കറ്റ് പ്രേമികൾക്കു ധവാനെന്നാൽ ഒറ്റ വിശേഷണം മാത്രം; ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇടംകയ്യൻ ഓപ്പണർമാരിലൊരാൾ.
കാണട്ടെ നിന്റെ തന്റേടം!
വീരേന്ദർ സെവാഗും ഗൗതം ഗംഭീറുമൊക്കെ ഭരിച്ചിരുന്ന ഡൽഹി ക്രിക്കറ്റ് ടീമിലേക്കു ഒരു 350സിസി റോയൽ എൻഫീൽഡ് മോട്ടർ സൈക്കിൾ ഓടിച്ചുകയറിവന്ന താരമാണു ധവാൻ. 2004ലെ അണ്ടർ 19 ലോകകപ്പിൽ 3 സെഞ്ചറിയടക്കം 505 റൺസ് നേടി ശ്രദ്ധ നേടിയെങ്കിലും ഡൽഹി ടീമിൽ നിന്നു ലഭിച്ച കളിയനുഭവങ്ങൾ തന്നെയായിരുന്നു ധവാന്റെ കരിയറിൽ നിർണായകമായത്. വിക്കറ്റ് കീപ്പറാകണമെന്ന മോഹം മാറ്റിവച്ചു ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഡൽഹിക്കു വേണ്ടി കളിക്കുന്ന കാലത്താണ്.
പന്തിന്റെ ലൈനും ലെങ്തും അതിവേഗം മനസ്സിലാക്കി ബാറ്റ് വീശാൻ ധവാൻ മികവാർജിച്ചു. പക്ഷേ, ദേശീയ ടീമിനു വേണ്ടിയുള്ള അരങ്ങേറ്റം അത്ര ശോഭനമായില്ല. 2010ൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ആദ്യ ഏകദിനം. ആദ്യ കളിയിലും രണ്ടാം കളിയിലും പൂജ്യത്തിനു പുറത്ത്. പിന്നീടു മോശം ഫോമിൽ ഉഴറിയ 3 വർഷങ്ങൾ. തോറ്റമ്പി നിൽക്കുകയാണെങ്കിലും ‘ആറ്റിറ്റ്യൂഡ്’ വിട്ടൊരു കളി അന്നുമുണ്ടായിരുന്നില്ല. 2013ൽ ടെസ്റ്റ് ടീമിലിടംപിടിച്ച ധവാനു ടെസ്റ്റ് ക്യാപ് സമ്മാനിച്ചതു സച്ചിനാണ്.
ധവാന്റെ മികവിൽ വിശ്വാസമുണ്ടായിരുന്ന സച്ചിൻ അന്നു തൊപ്പി നീട്ടിക്കൊണ്ടു പറഞ്ഞു; നീ തന്റേടിയാണെന്നറിയാം. അതിൽ കുറച്ചു തന്റേടം ഞങ്ങളെ കാണിച്ചുതരൂ.’ ഓസ്ട്രേലിയ തന്നെയായിരുന്നു വീണ്ടും എതിരാളികൾ. ആ കളിയിൽ 85 പന്തിൽ സെഞ്ചറിയുമായി ധവാൻ സ്ഥാപിച്ച റെക്കോർഡ് ഇന്നും തകർന്നിട്ടില്ല. അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ചറി നേടുന്ന താരം. 174 പന്തിൽ 187 റൺസ് ധവാൻ അന്നു കുറിച്ചു.
വിദേശ പിച്ചിലെ ഹീറോ
സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നവരെന്നു ചീത്തപ്പേരുള്ള ചില ഇന്ത്യൻ ബാറ്റർമാരുടെ നിരയിൽ ശിഖർ ധവാനില്ല. സായിപ്പിനെ കണ്ടപ്പോഴൊക്കെ ആഞ്ഞു കവാത്ത് നടത്തിയാണു ശീലം. ടെസ്റ്റിലും ഏകദിനത്തിലുമായി ധവാന്റെ പേരിലുള്ളത് 24 സെഞ്ചറികൾ. അതിൽ പതിനേഴും വിദേശ പിച്ചുകളിൽ. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ് ടീമുകളും പിച്ചുകളും ധവാന്റെ കൈക്കരുത്തിന്റെ സ്ഥിരം വേട്ടമൃഗങ്ങളായി. ഈ രാജ്യങ്ങളിൽ 44.03 ആണു ധവാന്റെ ബാറ്റിങ് ശരാശരി. 8 സെഞ്ചറികളും ഇവിടെ നേടി.
ഇടംകയ്യൻ ഓപ്പണറായി ഒരു പതിറ്റാണ്ടിലേറെ ധവാൻ ഇന്ത്യൻ ടീമിൽ മീശപിരിച്ചു, നെഞ്ചുവിരിച്ചു കളിച്ചു. സച്ചിൻ – ഗാംഗുലി ഓപ്പണിങ് ജോടിക്കൊപ്പം നിൽക്കുന്നവിധം രോഹിത് ശർമയുമായി ചേർന്നു സുശക്തമായ ഓപ്പണിങ് ജോടി പടുത്തുയർത്തി. ഗുസ്തി ശൈലിയിൽ സ്വന്തം തുടയിൽ കൈകൊണ്ട് ആഞ്ഞടിക്കുന്ന ‘സെലിബ്രേഷൻ’ കാണാൻ ധവാന്റെ ക്യാച്ചുകൾക്കു വേണ്ടി ആരാധകർ ക്ഷമയോടെ കാത്തിരുന്നു. ഐസിസി ലോകകപ്പുകളിലും ചാംപ്യൻസ് ട്രോഫികളിലും ധവാന്റെ ബാറ്റിങ് ശരാശരി 65നു മുകളിലാണ്. ഈ ടൂർണമെന്റുകളിൽ കുറഞ്ഞത് 1000 റൺസെങ്കിലും സ്കോർ ചെയ്തവരുടെ നിരയിൽ ഒന്നാംസ്ഥാനം.
2013ലെ ചാംപ്യൻസ് ട്രോഫിയിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റായി. 2015 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ റൺവേട്ടക്കാരനും. ചാംപ്യൻസ് ട്രോഫിയിൽ 2 ഗോൾഡൻ ബാറ്റുകൾ (ടോപ് സ്കോറർ) നേടിയ ആദ്യ താരമാണു ധവാൻ. ഒരു ടെസ്റ്റിലെ ആദ്യ ദിവസം ഉച്ചഭക്ഷണത്തിനു മുൻപു സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി. ഇന്ത്യയെ 15 മത്സരങ്ങളിൽ നയിച്ചു. ഐപിഎലിൽ ഡൽഹി അടക്കമുള്ള ടീമുകൾക്കായി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തു.
2019 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ ധവാന്റെ പോരാട്ടം എക്കാലവും ഓർക്കപ്പെടും. വ്യക്തിഗത സ്കോർ 25ൽ നിൽക്കെ 150 കിലോമീറ്റർ വേഗത്തിലൊരു പന്തു വന്നു പതിച്ചു ധവാന്റെ തള്ളവിരൽ ഒടിഞ്ഞു. വേദന സംഹാരികളുടെ സഹായത്തോടെ പിച്ചിൽ പിടിച്ചുനിന്ന ധവാൻ അന്നു സ്കോർ ചെയ്തത് 117 റൺസ്!
ധവാന്റെ കരിയർ പോലെ തന്നെ സിനിമാ സ്റ്റൈലിലാണു സ്വകാര്യ ജീവിതവും. അയേഷ മുഖർജിയെന്ന അമച്വർ ബോക്സിങ് താരത്തെ ധവാൻ പരിചയപ്പെടുന്നതു ഫെയ്സ്ബുക് വഴിയാണ്. അയേഷയെയും മുൻ വിവാഹത്തിൽ അവർക്കു ജനിച്ച രണ്ടു കുഞ്ഞുങ്ങളെയും ധവാൻ സ്വന്തം ജീവിതത്തിലേക്കു കൂട്ടിച്ചേർത്തു. ഇരുവർക്കും പിന്നീടൊരു മകൻ പിറക്കുകയും ചെയ്തു. സുന്ദരമായി നീങ്ങിയ ബന്ധം രണ്ടു വർഷം മുൻപാണു പിരിഞ്ഞത്.