ADVERTISEMENT

ജോർജ് ടൗൺ (ജമൈക്ക)∙ മാക്സ് 60 കരീബിയൻ ടി10 ക്രിക്കറ്റ് ലീഗിനിടെ പുറത്തായതിന്റെ രോഷം തീർക്കാൻ ഹെൽമറ്റ് ബൗണ്ടറിയിലേക്ക് അടിച്ചുപറത്ത് വെസ്റ്റിൻഡീസ് താരം കാർലോസ് ബ്രാത്‍വെയ്റ്റ്. ഗ്രാൻഡ് കെയ്മൻ ജാഗ്വേഴ്സിനെതിരായ മത്സരത്തിലാണ് ന്യൂയോർക്ക് സ്ട്രൈക്കേഴ്സ് താരത്തിന്റെ രോഷ പ്രകടനം. മത്സരത്തിൽ അഞ്ച് പന്തുകളിൽ ഏഴു റൺസെടുത്തു നിൽക്കെയാണ് ബ്രാത്​വെയ്റ്റ് പുറത്തായത്.

ഐറിഷ് താരം ജോഷ് ലിറ്റിലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഡങ്ക് ക്യാച്ചെടുത്ത് ബ്രാത്‌വെയ്റ്റിനെ മടക്കുകയായിരുന്നു. പുറത്തായതു വിശ്വസിക്കാതെ കുറച്ചു നേരം ഗ്രൗണ്ടിൽ തുടർന്ന താരം അംപയർ ഔട്ട് വിധിച്ചതോടെ നിരാശയോടെ മടങ്ങി. ഗ്രൗണ്ട് വിടുന്നതിനിടെ തലയിലെ ഹെൽമറ്റ് ഊരിയ ശേഷം ബാറ്റ് ഉപയോഗിച്ച് അത് ബൗണ്ടറിയിലേക്ക് അടിക്കുകയായിരുന്നു. ബൗണ്ടറി ലൈനിലേക്കു കടന്ന താരം രോഷം തീരാതെ തന്റെ ബാറ്റ് വലിച്ചെറിഞ്ഞു.

വിൻഡീസ് താരത്തിനു തിളങ്ങാൻ സാധിച്ചില്ലെങ്കിലും ന്യൂയോർക്ക് സ്ട്രൈക്കേഴ്സ് മത്സരത്തിൽ എട്ടു റൺസ് വിജയം നേടി. ആദ്യം ബാറ്റു ചെയ്ത സ്ട്രൈക്കേഴ്സ് 10 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുത്തു. 10 പന്തിൽ 22 റൺസെടുത്ത മിച്ചൽ ഓവനാണ് സ്ട്രൈക്കേഴ്സിന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ ഗ്രാൻഡ് കേയ്മൻ ജാഗ്വേഴ്സിന് 96 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഓപ്പണർ അലക്സ് ഹെയ്ൽസും (24 പന്തിൽ 35), ക്യാപ്റ്റൻ സിക്കന്ദർ റാസയും (16 പന്തില്‍ 27) തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

English Summary:

Carlos Brathwaite Smashes His Helmet, Throws Bat In T10 League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com