ചർച്ചയ്ക്കിടെ പാക്കിസ്ഥാൻ ക്യാപ്റ്റൻ തോളത്തു കൈവച്ചു, തട്ടിമാറ്റി ഷഹീൻ അഫ്രീദി- വിഡിയോ
Mail This Article
ലഹോർ∙ ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിൽ പാക്കിസ്ഥാൻ പത്തു വിക്കറ്റിനു തോറ്റതോടെ പാക്ക് ക്യാംപിൽ അമർഷം പുകയുന്നു. ഗ്രൗണ്ടിൽനിന്നുള്ള പാക്ക് താരങ്ങളുടെ ദൃശ്യങ്ങൾ ഇതു വ്യക്തമാക്കുന്നതായിരുന്നു. ബംഗ്ലദേശ് ആദ്യമായാണ് ടെസ്റ്റിൽ പാക്കിസ്ഥാനെ തോൽപിക്കുന്നത്. പാക്കിസ്ഥാൻ ക്യാപ്റ്റൻ ഷാൻ മസൂദ് പേസർ ഷഹീൻ അഫ്രീദിയുടെ തോളത്ത് കൈ വച്ച് സംസാരിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. ടീം അംഗങ്ങൾ ഒരുമിച്ചു സംസാരിക്കുന്നതിനിടെ അഫ്രീദി മസൂദിന്റെ കൈ തട്ടിമാറ്റുന്നതു വിഡിയോയിൽ വ്യക്തമാണ്.
പാക്കിസ്ഥാൻ പരിശീലകനായ ജേസൺ ഗില്ലസ്പിയോട് ഷാൻ മസൂദ് രോഷത്തോടെ സംസാരിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രണ്ടാം ഇന്നിങ്സിൽ 146 റൺസിന് ഓൾഔട്ടായ പാക്കിസ്ഥാൻ ഇന്നലെ ബംഗ്ലദേശിനു മുന്നിൽവച്ചത് 30 റൺസ് വിജയലക്ഷ്യമായിരുന്നു. 6.3 ഓവറിൽ ലക്ഷ്യം പിന്നിട്ട സന്ദർശകർ പാക്കിസ്ഥാനെതിരെ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം അവിസ്മരണീയമാക്കി.
ആദ്യ ഇന്നിങ്സിൽ 448 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്തശേഷമാണ് പാക്കിസ്ഥാൻ തോൽവി വഴങ്ങിയത്. സ്കോർ: പാക്കിസ്ഥാൻ– 6ന് 448 ഡിക്ലയേഡ്, 146. ബംഗ്ലദേശ്– 565, വിക്കറ്റ് നഷ്ടമില്ലാതെ 30. 2 മത്സര പരമ്പരയിൽ ബംഗ്ലദേശ് 1–0ന് മുന്നിലെത്തി. ബംഗ്ലദേശിന്റെ ഒന്നാം ഇന്നിങ്സിൽ 191 റൺസ് നേടിയ മുഷ്ഫിഖുർ റഹിം ആണ് പ്ലെയർ ഓഫ് ദ് മാച്ച്.
6 വിക്കറ്റ് നഷ്ടത്തിൽ 448 റൺസ് നേടി ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത പാക്കിസ്ഥാനെ മത്സരത്തിൽ ആദ്യം ഞെട്ടിച്ചത് ബംഗ്ലദേശ് ബാറ്റർമാരാണ്. മറുപടി ബാറ്റിങ്ങിൽ 565 റൺസിന്റെ കൂറ്റൻ സ്കോറുയർത്തി അവർ തിരിച്ചടിച്ചു. 117 റൺസിന്റെ ഇന്നിങ്സ് ലീഡ് വഴങ്ങിയശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ തകർത്തത് ബംഗ്ലദേശിന്റെ സ്പിൻ ആക്രമണമാണ്. ഓഫ് സ്പിന്നർ മെഹ്‌ദി ഹസന്റെയും (4 വിക്കറ്റ്) ഇടംകൈ സ്പിന്നർ ഷാക്കിബുൽ ഹസന്റെയും (3 വിക്കറ്റ്) പന്തുകൾക്കു മുന്നിൽ പാക്ക് ബാറ്റിങ് 146 റൺസിൽ തകർന്നടിഞ്ഞു.