അമിത് ഷായുടെ മകൻ പോയാൽ ബിസിസിഐ സെക്രട്ടറിയാകാൻ അരുൺ ജയ്റ്റ്ലിയുടെ മകൻ; ആരാണ് രോഹൻ ജയ്റ്റ്ലി?
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് ജയ് ഷാ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അധ്യക്ഷനായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, പകരം ബിസിസിഐ സെക്രട്ടറി പദത്തിലേക്ക് റോഹൻ ജയ്റ്റ്‌ലി എത്തിയേക്കുമെന്ന് സൂചന. ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ മകനാണ് നിലവിലെ സെക്രട്ടറി ജയ് ഷാ എങ്കിൽ, മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അന്തരിച്ച അരുൺ ജയ്‌റ്റ്‍ലിയുടെ മകനാണ് പകരം ഈ സ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കപ്പെടുന്ന രോഹൻ ജയ്‌റ്റ്‍ലി. ജയ് ഷാ സ്ഥാനമൊഴിയുന്ന പക്ഷം രോഹൻ ജയ്‌റ്റ്‌ലിയെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാൻ നേതൃതലത്തിൽ ധാരണയായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുൻ ബിസിസിഐ പ്രസിഡന്റും ഐസിസി ചെയർമാനുമായിരുന്ന ജഗ്‌മോഹൻ ഡാൽമിയയുടെ മകൻ അവിഷേക് ഡാൽമിയയാണ് ഈ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്ന മറ്റൊരാൾ. മുൻപ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു അവിഷേക്. എന്നാൽ, നിലവിൽ രോഹൻ ജയ്‌റ്റ്‌ലിയുടെ പേരിനാണ് മുൻഗണനയെന്നാണ് വിവരം.
ജയ് ഷാ സ്ഥാനമൊഴിഞ്ഞാലും, ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി ഉൾപ്പെടെയുള്ളവർ തൽസ്ഥാനത്തു തുടരുമെന്നും റിപ്പോർട്ടുണ്ട്. ഇപ്പോഴത്തെ ഭാരവാഹികൾക്കെല്ലാം ഒരു വർഷം കൂടി കാലാവധിയുള്ള സാഹചര്യത്തിലാണിത്. ജഗ്‌മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ.ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവർക്കു ശേഷം ഐസിസി ചെയർമാൻ സ്ഥാനത്തെത്തുന്ന ഇന്ത്യക്കാരനാകാൻ ഒരുങ്ങുകയാണ് ജയ് ഷാ. ഈ പദവിയിലെത്തുന്ന പ്രായം കുറഞ്ഞ ആളെന്ന റെക്കോർഡും മുപ്പത്തഞ്ചുകാരനായ ജയ് ഷായുടെ പേരിലാകും.
അതേസമയം, നിലവിൽ ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) പ്രസിഡന്റാണ്, ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്ക് പേരു പറഞ്ഞുകേൾക്കുന്ന രോഹൻ ജയ്‌റ്റ്‍ലി. അഭിഭാഷകനായിരുന്ന പിതാവിന്റെ പാത പിന്തുടർന്ന് അഭിഭാഷകനായി ജോലി ചെയ്തിരുന്ന രോഹനെ, ഈ വർഷം ആദ്യം ഡൽഹി ഹൈക്കോടതിയിലെ കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിങ് കൗണ്‍സലായി നിയമിച്ചിരുന്നു.
നാലു വർഷം മുൻപാണ് രോഹൻ ക്രിക്കറ്റ് ഭരണ സമിതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തുടർന്ന് ഡിഡിസിഎ പ്രസിഡന്റായി നിയമിതനായി. 14 വർഷത്തോളം അരുൺ ജയിറ്റ്‍ലി കയ്യാളിയിരുന്ന സ്ഥാനമാണിത്. തുടർന്ന് ഈ വർഷം ആദ്യം ഇതേ സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഇദ്ദേഹം പ്രസിഡന്റായിരിക്കെയാണ് പിതാവിന്റെ നാമത്തിലുള്ള ഡൽഹി അരുൺ ജയ്‌റ്റ്‍ലി സ്റ്റേഡിയത്തിൽ ഏകദിന ലോകകപ്പിന്റെ ഭാഗമായി അഞ്ച് മത്സരങ്ങൾ വിജയകരമായി സംഘടിപ്പിച്ചത്. ഈ വർഷം ഡൽഹി പ്രിമിയർ ലീഗ് ശക്തമായി സംഘടിപ്പിച്ചതും രോഹൻ ജയ്റ്റ്‌ലിയുടെ നേതൃത്വത്തിൽത്തന്നെ. മുൻപ് ബിസിസിഐ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ചരിത്രവും രോഹനുണ്ട്.