‘അന്ന് ഇന്ത്യൻ ബാറ്റർമാർ തല്ലിച്ചതച്ചതോടെ എല്ലാം തീർന്നു’: പാക്കിസ്ഥാന്റെ തോൽവിയിൽ ‘ഇന്ത്യ’ൻ പങ്ക് വിശദീകരിച്ച് റമീസ് രാജ
Mail This Article
ഇസ്‍ലാമാബാദ്∙ ബംഗ്ലദേശിനെതിരെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി തോൽവി വഴങ്ങിയ പാക്കിസ്ഥാൻ ടീമിനെ വിമർശച്ച് മുൻ പാക്കിസ്ഥാൻ താരവും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പ്രസിഡന്റുമായിരുന്ന റമീസ് രാജ. ടീം തിരഞ്ഞെടുപ്പിലെ പാളിച്ചകളാണ് ടീമിന്റെ തോൽവിക്കു വഴിവച്ചതെന്ന് റമീസ് രാജ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു പിന്നിൽ ഇന്ത്യൻ ടീമിനും പങ്കുണ്ടെന്ന് രാജ വിശദീകരിച്ചു.
റാവൽപിണ്ടിയിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 10 വിക്കറ്റിനാണ് ബംഗ്ലദേശ് പാക്കിസ്ഥാനെ തോൽപ്പിച്ചത്. തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് റമീസ് രാജ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ നിശിത വിമർശനം ഉയർത്തിയത്.
ബംഗ്ലദേശിന്റെ സ്പിൻ ബോളർമാർ അവരുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച അതേ മത്സരത്തിൽ, ഒരു സ്പെഷലിസ്റ്റ് സ്പിന്നറേപ്പോലും ഉൾപ്പെടുത്തതാതെ 4 പേസ് ബോളർമാരുമായി ഇറങ്ങിയതിനെ റമീസ് രാജ വിമർശിച്ചു. മത്സരത്തിൽ പാക്കിസ്ഥാന് നഷ്ടമായ 16 വിക്കറ്റുകളിൽ ഒൻപതും സ്വന്തമാക്കിയത് ബംഗ്ലദേശ് സ്പിന്നർമാരായിരുന്നു. പാക്കിസ്ഥാൻ കൂട്ടത്തകർച്ച നേരിട്ട രണ്ടാം ഇന്നിങ്സിൽ പത്തിൽ ഏഴു വിക്കറ്റും പിഴുതത് സ്പിന്നർമാർ തന്നെ. രണ്ടാം ഇന്നിങ്സിൽ പാക്കിസ്ഥാൻ 146 റൺസിന് ഓൾഔട്ടായതോടെയാണ്, വെറും 30 റൺസ് വിജയലക്ഷ്യം ബംഗ്ലദേശ് അനായാസം മറികടന്നത്.
കഴിഞ്ഞ വർഷം ഏഷ്യാകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തോടെ, പേസ് ബോളിങ്ങിൽ പാക്കിസ്ഥാനുണ്ടായിരുന്ന അപ്രമാദിത്വം നഷ്ടമായതാണെന്ന് റമീസ് രാജ ഓർമിപ്പിച്ചു. എതിരാളികളെല്ലാം ബഹുമാനത്തോടെ കണ്ടിരുന്ന പാക്കിസ്ഥാൻ പേസ് ബോളിങ്ങിന്റെ ന്യൂനതകൾ ലോകത്തിനു മുന്നിൽ തുറന്നുകാട്ടിയത് ഇന്ത്യൻ ബാറ്റർമാരാണെന്ന് റമീസ് രാജ ചൂണ്ടിക്കാട്ടി.
‘‘ഒന്നാമതായി, ടീം തിരഞ്ഞെടുപ്പിൽത്തന്നെ പാക്കിസ്ഥാനു പാളിച്ചകളുണ്ടായി. പാക്കിസ്ഥാൻ ടീമിൽ സ്പിന്നർമാരുണ്ടായിരുന്നില്ല. രണ്ടാമത്, നമ്മെ എക്കാലവും താങ്ങിനിർത്തിയ പേസ് ബോളിങ് നിരയ്ക്ക് പഴയ കരുത്തില്ല. ഇക്കഴിഞ്ഞ ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലാണ് ഈ നാശത്തിന്റെ തുടക്കം. അന്ന് പേസ് ബോളിങ്ങിന് തികച്ചും അനുകൂലമായ സാഹചര്യങ്ങളിൽ പാക്കിസ്ഥാൻ പേസർമാരെ ഇന്ത്യൻ ബാറ്റർമാർ അടിച്ചുതകർത്തു കളഞ്ഞു. അന്നുമുതൽ നമ്മുടെ പേസ് ബോളർമാർക്ക് പഴയ ആത്മവിശ്വാസമില്ല. ഈ പേസ് ആക്രമണത്തിനെതിരെ ഏറ്റവും നല്ലത് പ്രത്യാക്രമണമാണെന്ന് അന്ന് ഇന്ത്യ തെളിയിച്ചു.
‘‘നമ്മുടെ പേസ് ബോളർമാർക്ക് ഇന്ന് പഴയ വേഗമില്ല. പേസ് ബോളിങ്ങിന്റെ കാര്യത്തിലുള്ള മികവും നഷ്ടമായി. ഈ മത്സരത്തിൽ ബംഗ്ലദേശ് പേസർമാർ കുറച്ചുകൂടി കൃത്യത കാട്ടി. നമ്മുടെ ബോളർമാരുടെ ശ്രദ്ധ മറ്റു നാടകങ്ങളിലായിരുന്നു. ആ ട്രാക്കിൽ നല്ലൊരു പേസ് ബോളറെ എടുത്തുകാണിക്കാൻ ഇല്ലാതെ പോയതോടെ, ഈ ബാറ്റിങ് ലൈനപ്പും വച്ച്, 125–130 കിലോമീറ്റർ സ്പീഡിൽ ബോൾ ചെയ്യുന്ന നമ്മുടെ പേസർമാരെ ബംഗ്ലദേശ് കൈകാര്യം ചെയ്തു.’ – റമീസ് രാജ പറഞ്ഞു.
∙ ഏഷ്യാ കപ്പിൽ സംഭവിച്ചത് എന്ത്?
കഴിഞ്ഞ വർഷം ശ്രീലങ്കയിൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിൽ, സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ 228 റൺസിന്റെ കൂറ്റൻ വിജയം നേടിയിരുന്നു. അന്ന് ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 356 റൺസാണ് നേടിയത്. വിരാട് കോലി (94 പന്തിൽ പുറത്താകാതെ 122), കെ.എൽ. രാഹുൽ (106 പന്തിൽ പുറത്താകാതെ 111) എന്നിവരുടെ സെഞ്ചറികളാണ് ഇന്ത്യയ്‌ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ (49 പന്തിൽ 56), ശുഭ്മൻ ഗിൽ (52 പന്തിൽ 58) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
അന്ന് ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഫഹീം അഷ്റഫ്, ഹാരിസ് റൗഫ് തുടങ്ങിയവർ ഉൾപ്പെടെ പാക്ക് ബോളിങ് നിരയെയാണ് ഇന്ത്യൻ ബാറ്റർമാർ അടിച്ചൊതുക്കിയത്. കൂട്ടത്തിൽ വിക്കറ്റ് ലഭിച്ചത് അഫ്രീദിക്കു മാത്രം. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ 32 ഓവറിൽ വെറും 128 റൺസിന് എല്ലാവരും പുറത്താകുകയും ചെയ്തു. ഈ മത്സരത്തേക്കുറിച്ചാണ് റമീസ് രാജ പ്രതിപാദിച്ചത്.