ബോൾ ചെയ്യാനെത്തിയപ്പോൾ റിസ്‌വാൻ റെഡിയല്ല; കുപിതനായി ബാറ്ററുടെ തലയ്ക്കു നേരെ പന്ത് വലിച്ചെറിഞ്ഞ ഷാക്കിബിന് ശിക്ഷ– വിഡിയോ
Mail This Article
റാവൽപിണ്ടി∙ പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച ബംഗ്ലദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ ശിക്ഷിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ബാറ്റ് ചെയ്യുകയായിരുന്ന പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ‌്‌വാനെതിരെ പന്ത് വലിച്ചെറിഞ്ഞതിനാണ് ശിക്ഷ. മാച്ച് ഫീയുടെ 10 ശതമാനം ഷാക്കിബിൽനിന്ന് പിഴയായി ഈടാക്കിയ ഐസിസി, താരത്തിനുമേൽ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി.
ബംഗ്ലദേശ് – പാക്കിസ്ഥാൻ ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് സംഭവം. പാക്കിസ്ഥാൻ ഇന്നിങ്സിലെ 33–ാം ഓവർ ബോൾ ചെയ്തത് ഷാക്കിബ് അൽ ഹസൻ. ഓവറിലെ രണ്ടാം പന്ത് എറിയാനായി ഷാക്കിബ് റണ്ണപ്പ് എടുത്ത് ക്രീസിലേക്ക് എത്തുമ്പോൾ, മറുവശത്ത് റിസ്‌വാൻ ബാറ്റിങ്ങിന് തയാറായിരുന്നില്ല. അദ്ദേഹം മറ്റെന്തോ ശ്രദ്ധിച്ച് ബാറ്റിങ്ങിന് തയാറെടുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
ബോൾ ചെയ്യാനെത്തിയ ഷാക്കിബ് ഇതോടെ കുപിതനായ് പന്ത് റിസ്‌വാനു നേരെ വലിച്ചെറിയുകയായിരുന്നു. റിസ്‌വാന്റെ തലയ്ക്കു മുകളിലൂടെയാണ് പന്ത് വന്നതെങ്കിലും ഞെട്ടിയ അദ്ദേഹം ഒഴിഞ്ഞുമാറുന്നത് വിഡിയോയിൽ കാണാം. പന്ത് വിക്കറ്റ് കീപ്പറിന്റെ കൈകളിലേക്കു പോയി. ഓൺഫീൽഡ് അംപയർ റിച്ചാർഡ് കെറ്റിൽബറോ ഉടൻതന്നെ ഇടപെട്ട് ഷാക്കിബുമായി സംസാരിച്ചു.
മത്സരത്തിൽ പാക്കിസ്ഥാനെതിരെ ബംഗ്ലദേശ് അട്ടിമറി വിജയം നേടി ചരിത്രമെഴുതിയതിനു പിന്നാലെയാണ്, ഷാക്കിബിനെതിരെ നടപടിയെടുക്കാൻ ഐസിസി തീരുമാനിച്ചത്. ബാറ്റർക്കു നേരെ പന്തു വലിച്ചെറിഞ്ഞതിലൂടെ ഷാക്കിബ് ലെവൽ വൺ കുറ്റമാണ് ചെയ്തതെന്ന് ഐസിസി കണ്ടെത്തി. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.9 പ്രകാരമാണ് ഷാക്കിബിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തുകയും ഒരു ഡീമെറിറ്റ് പോയിന്റ് നൽകുകയും ചെയ്തത്.
അതിനിടെ, കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് കുറച്ചത് പാക്കിസ്ഥാൻ, ബംഗ്ലദേശ് ടീമുകൾക്ക് ഒരുപോലെ തിരിച്ചടിയായി. ആറ് ഓവർ പിന്നിലായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാക്കിസ്ഥാന് ആറ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റുകളാണ് ഐസിസി കുറച്ചത്. ഇതിനു പുറമേ കളിക്കാർക്ക് മാച്ച് ഫീയൂടെ 30 ശതമാനം പിഴയായി ഈടാക്കുകയും ചെയ്തു.
6 പോയിന്റ് കുറച്ചെങ്കിലും പാക്കിസ്ഥാൻ ആറു ടെസ്റ്റുകളിൽനിന്ന് രണ്ടു ജയവും നാലു തോൽവിയുമായി എട്ടാം സ്ഥാനത്തു തുടരുന്നു. മൂന്ന് ഓവറുകൾ പിന്നിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബംഗ്ലദേശിന്റെ മൂന്ന് പോയിന്റും കുറച്ചു. ഇതോടെ അവർ ദക്ഷിണാഫ്രിക്കയ്ക്കു പിന്നിൽ എഴാം സ്ഥാനത്തായി. ഇനി ഓഗസ്റ്റ് 30 മുതൽ റാവൽപിണ്ടിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്.