ജയ് ഷാ ഐസിസി ചെയർമാൻ, എതിരില്ലാതെ ക്രിക്കറ്റ് തലപ്പത്തേക്ക്
Mail This Article
ദുബായ്∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി ബിസിസിഐ സെക്രട്ടറി ജയ് ഷായെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഈ വർഷം ഡിസംബർ ഒന്നിന് ജയ് ഷാ ചുമതലയേറ്റെടുക്കുമെന്ന് ഐസിസി അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും.
നിലവിലെ ചെയർമാന് ഈ വർഷം നവംബർ വരെയാണ് കാലാവധിയുള്ളത്. 2020 നവംബറിലായിരുന്നു ഗ്രെഗ് ബാർക്ലെ ആദ്യമായി ഐസിസി തലപ്പത്തെത്തുന്നത്. 2022 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയും ഐസിസി ചെയർമാൻ സ്ഥാനത്തിരിക്കാൻ താൽപര്യമില്ലെന്ന് ന്യൂസീലൻഡുകാരനായ ഗ്രെഗ് ബാർക്ലെ നിലപാടെടുത്തിരുന്നു.
ചൊവ്വാഴ്ച വരെയായിരുന്നു ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ സമയമുണ്ടായിരുന്നത്. മറ്റാരും മുന്നോട്ടുവരാതിരുന്നതോടെ ജയ് ഷായെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. ഐസിസി ചെയർമാനാകുന്ന പ്രായം കുറഞ്ഞ വ്യക്തിയാണ് ജയ് ഷാ. 35 വയസ്സാണു ജയ് ഷായുടെ പ്രായം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനായ ജയ് ഷാ, 2019ലാണ് ആദ്യമായി ബിസിസിഐ സെക്രട്ടറിയാകുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് ബോർഡ് അംഗമായാണ് ജയ് ഷാ ക്രിക്കറ്റ് ഭരണരംഗത്തേക്ക് എത്തുന്നത്. 2013ൽ ഗുജറാത്ത് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി. 2015 ൽ ബിസിസിഐയുടെ ഫിനാൻസ് ആൻഡ് മാർക്കറ്റിങ് കമ്മിറ്റി അംഗമായി. തുടർന്ന് ബിസിസിഐ സെക്രട്ടറിയായി.
2022ൽ ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2021ൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തെത്തി. 2022 നവംബറിൽ ഐസിസിയുടെ ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് തലവനായി ചുമതലയേറ്റു. 2028ലെ ഒളിംപിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കാൻ ജയ് ഷായ്ക്കു സാധിച്ചു.