33–ാം വയസ്സിൽ ഇന്ത്യൻ ലോകകപ്പ് ടീമിൽ സ്ഥാനം; ആശയ്ക്ക് സ്വപ്നസാഫല്യം
Mail This Article
തിരുവനന്തപുരം ∙ 1998ൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കൊക്കകോള കപ്പ് ടൂർണമെന്റിൽ സച്ചിന്റെ ‘ഡെസർട്ട് സ്റ്റോം’ ഇന്നിങ്സ് ടിവിയിൽ കണ്ട് ഒരു ചേട്ടനും അനിയത്തിയും കോരിത്തരിച്ചു. ആദ്യം ചേട്ടനും പിന്നാലെ അനിയത്തിയും ക്രിക്കറ്റ് ബാറ്റുമെടുത്ത് ഗ്രൗണ്ടിലേക്കിറങ്ങി. വർഷങ്ങൾക്കു ശേഷം, അതേ ഷാർജ സ്റ്റേഡിയത്തിൽ അടുത്ത മാസം വനിതാ ട്വന്റി20 ലോകകപ്പ് മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിനൊപ്പം ആ പെൺകുട്ടി, ആശ ശോഭനയുമുണ്ടാകും. ചേട്ടൻ അനൂപ് ഗാലറിയിലിരുന്ന് കയ്യടിക്കും.
ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആശ ഇടം നേടിയെന്നറിഞ്ഞപ്പോൾ അമ്മ എസ്.ശോഭന ഓർത്തത് 20 വർഷം മുൻപ് ഒരു സന്ധ്യയ്ക്കു സ്കൂളിൽ നിന്നു സമയമായിട്ടും വീട്ടിലെത്താതിരുന്ന മകളെ കുറിച്ചാണ്. ആശ അന്ന് കോട്ടൺഹിൽ സ്കൂളിലാണ്. 12–13 വയസ്സു കാണും. മകളെ കാണാതെ ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛൻ ബി.ജോയിയും ശോഭനയും ആകെ ടെൻഷനായി. ഒടുവിൽ കുറേയേറെ വൈകി മകൾ വീട്ടിലേക്കെത്തിയത് ‘എനിക്ക് ക്രിക്കറ്റ് ടീമിൽ സിലക്‌ഷൻ കിട്ടി’ എന്ന സന്തോഷവുമായാണ്.
സ്കൂളിൽ നിന്ന്, വീട്ടിൽ പറയാതെ സെൻട്രൽ സ്റ്റേഡിയത്തിലെ ക്രിക്കറ്റ് സിലക്‌ഷൻ ട്രയലിൽ പങ്കെടുക്കാൻ പോയതായിരുന്നു അന്നു വൈകാൻ കാരണം. പെൺകുട്ടികൾ ക്രിക്കറ്റ് കളിക്കുന്ന പതിവില്ലാത്ത അക്കാലത്ത്, പതിമൂന്നാം വയസ്സിൽ കേരള ടീമിലേക്കു സിലക്‌ഷൻ ലഭിച്ച മകളുടെ നേട്ടത്തിന്റെ വലുപ്പം മാതാപിതാക്കൾക്ക് അത്ര മനസ്സിലായില്ല. പക്ഷേ, ചേട്ടൻ അനൂപ് എല്ലാ പിന്തുണയും നൽകി.
16–ാം വയസ്സിൽ കേരള ടീം ക്യാപ്റ്റനായ ആശ, തിരുവനന്തപുരം വിമൻസ് കോളജിൽ പഠിക്കുന്ന സമയത്ത് ഒരു മാച്ചിനു പോയപ്പോഴാണ് ഹൈദരാബാദിൽ റെയിൽവേയിലേക്കു സ്പോർട്സ് ക്വോട്ടയിൽ സിലക്‌ഷൻ നടക്കുന്ന വിവരം അറിഞ്ഞത്. വീട്ടിൽ പറയാതെ തന്നെ അന്നും സിലക്‌ഷനു പോയി. ഹൈദരാബാദിൽ റെയിൽവേയിൽ ജോലി കിട്ടി. അന്ന് 20 വയസ്സ്. ജോലി കിട്ടിയെന്ന് ഉറപ്പായ ശേഷമാണ് വീട്ടിലേക്കു വിളിച്ചു കാര്യം പറഞ്ഞത്.
തിരുവനന്തപുരം മുക്കോല വേറ്റിക്കോണം മംഗലശേരി ബിൽഡിങ്ങിലെ വാടക ഫ്ലാറ്റിലാണ് ആശയുടെ മാതാപിതാക്കളും സഹോദരന്റെ കുടുംബവും താമസിക്കുന്നത്. സന്തോഷ വാർത്ത തേടിയെത്തിയപ്പോൾ സഹോദരൻ അനൂപ് ദുബായിലായിരുന്നു. മാതാപിതാക്കളും സഹോദരന്റെ ഭാര്യ ലിന്റ, അവരുടെ മക്കളായ എലൈൻ, ലിവൈൻ എന്നിവരും വീട്ടിലുണ്ടായിരുന്നു.
അവസരങ്ങൾ തേടിയെത്താൻ വൈകിയപ്പോഴും മനസ്സു മടുക്കാതെ പരിശീലനം തുടർന്നതിന്റെ ഫലമാണ് 33–ാം വയസ്സിൽ ആശ ലോകകപ്പ് ടീമിലെത്താൻ കാരണമായതെന്ന് കുടുംബത്തിന്റെ സാക്ഷ്യം.