ആശ പോലെ സജന, കരുത്തുകാട്ടി കേരളം; ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ, സ്മൃതി വൈസ് ക്യാപ്റ്റൻ
Mail This Article
ന്യൂഡൽഹി ∙ പുരുഷ ക്രിക്കറ്റിലെ ഇന്ത്യയുടെ 4 ലോകകപ്പ് വിജയങ്ങളിലും ടീമിൽ ഒരു മലയാളിയുണ്ടായിരുന്നു; വനിതാ ക്രിക്കറ്റിലെ കന്നി ലോകകപ്പിനായുള്ള ഇന്ത്യൻ കാത്തിരിപ്പ് യാഥാർഥ്യമാക്കാൻ ഇത്തവണ ടീമിലുള്ളത് ഒന്നല്ല, 2 മലയാളികൾ! ഒക്ടോബർ മൂന്നിന് യുഎഇയിൽ ആരംഭിക്കുന്ന വനിതാ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ കേരളത്തിന്റെ മേൽവിലാസമാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശി ആശ ശോഭനയും (33) വയനാട് മാനന്തവാടി സ്വദേശി സജന സജീവനും. 3 മാസം മുൻപായിരുന്നു ഇരുവരുടെയും രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. ഇതുവരെ ട്വന്റി20യിൽ കളിച്ചത് 3 മത്സരം വീതം മാത്രം.
ഐസിസി കിരീടത്തിനായുള്ള 11 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ജൂണിൽ പുരുഷ ട്വന്റി20 ലോകകപ്പ് കിരീടം നേടിയ രോഹിത് ശർമയും സംഘവുമാണ് ഇന്ത്യൻ വനിതാ ടീമിനു മുൻപിലുള്ള പാഠപുസ്തകം. ഐസിസി കിരീടം കിട്ടാക്കനിയായി തുടരുന്ന ഹർമൻപ്രീതിനും സംഘത്തിനും ജൂലൈയിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയോടേറ്റ തോൽവിയുടെ നിരാശയും തീർക്കേണ്ടതുണ്ട്. വിക്കറ്റ് കീപ്പർ ഉമ ചൗധരിയൊഴികെ ഏഷ്യാ കപ്പ് ടീമിലെ മറ്റ് അംഗങ്ങളെല്ലാം ലോകകപ്പ് ടീമിലും ഇടംപിടിച്ചിട്ടുണ്ട്.
ഗ്രൂപ്പ് കടുപ്പം
10 ടീമുകൾ 2 ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ഗ്രൂപ്പ് ഘട്ടത്തോടെയാണ് ലോകകപ്പിന് തുടക്കം. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയ്ക്ക് പുറമേ പാക്കിസ്ഥാൻ, ന്യൂസീലൻഡ്, ശ്രീലങ്ക ടീമുകളും ഇന്ത്യയുടെ ഗ്രൂപ്പിലുണ്ട്. മുൻപ് പലവട്ടം ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെ വഴിമുടക്കിയത് ഓസീസാണ്. ഗ്രൂപ്പിലെ മികച്ച 2 ടീമുകൾ വീതം സെമിയിലേക്കു മുന്നേറും. ഒക്ടോബർ നാലിന് ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇരുപതിനാണ് ഫൈനൽ.
സ്പിൻ നിര
ബംഗ്ലദേശിലെ രാഷ്ട്രീയ സാഹചര്യം കാരണം ലോകകപ്പ് അവിടെ നിന്ന് യുഎഇയിലേക്കു മാറ്റുകയായിരുന്നു. സ്പിൻ പിച്ചുകൾ മുന്നിൽക്കണ്ട് ദീപ്തി ശർമ, ആശ ശോഭന, രാധ യാദവ്, ശ്രേയങ്ക പാട്ടീൽ എന്നീ 4 സ്പിന്നർമാരെയാണ് ഇന്ത്യ ടീമിലുൾപ്പെടുത്തിയത്. ഇതിൽ ലോകകപ്പിന് മുൻപ് ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ ശ്രേയങ്കയെ ടീമിലുൾപ്പെടുത്തൂ. ക്യാപ്റ്റൻ ഹർമനു പുറമേ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും വിക്കറ്റ് കീപ്പർ റിച്ച ഘോഷും ഷെഫാലി വർമയും ബാറ്റിങ്ങിന് കരുത്തുപകരുമ്പോൾ രേണുക സിങ്, അരുന്ധതി റെഡ്ഡി, പൂജ വസ്ട്രാക്കർ എന്നിവർ പേസ് ബോളിങ് ഓപ്ഷനുകളായി ടീമിലുണ്ട്.
ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന, ഷെഫാലി വർമ, ദീപ്തി ശർമ, ജമൈമ റോഡ്രിഗസ്, റിച്ച ഘോഷ്, യാത്സിക ഭാട്ടിയ, പൂജ വസ്ട്രാക്കർ, അരുന്ധതി റെഡ്ഡി, രേണുക സിങ്, ഹേമലത ദയാലൻ, ആശ ശോഭന, രാധ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ
കേരളത്തിന്റെ ലോകകപ്പ് പെരുമ
മലയാളി താരം സൂസൻ ഇട്ടിച്ചെറിയ 1978 വനിതാ ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. പാതി മലയാളിയായ സുധാ ഷായും അന്ന് ടീമിലുണ്ടായിരുന്നു. സുനിൽ വൽസൻ (1983), എസ്.ശ്രീശാന്ത് (2007, 2011), സഞ്ജു സാംസൺ (2024) എന്നിവരാണ് ഇന്ത്യൻ പുരുഷ ലോകകപ്പ് ടീമുകളിൽ ഇടംപിടിച്ച മലയാളികൾ.
ലോകകപ്പിൽ ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ
∙Vs ന്യൂസീലൻഡ്
ഒക്ടോബർ 4, ദുബായ്
∙Vs പാക്കിസ്ഥാൻ
ഒക്ടോബർ 6, ദുബായ്
∙Vs ശ്രീലങ്ക
ഒക്ടോബർ 9, ദുബായ്
∙Vs ഓസ്ട്രേലിയ
ഒക്ടോബർ 13, ഷാർജ