അതിവേഗം ബഹുദൂരം ജയ് ഷാ: ബിസിസിഐയും എസിസിയും കടന്ന് ജയ് ഷാ ഐസിസി തലപ്പത്തേക്ക്
Mail This Article
ന്യൂഡൽഹി ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനാകുന്ന ജയ് ഷാ, ക്രിക്കറ്റ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി മാറിയതു കുറഞ്ഞ കാലയളവിനുള്ളിലാണ്. 2019ൽ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോഴായിരുന്നു സെക്രട്ടറിയായി ജയ് ഷാ ആദ്യമെത്തുന്നത്. ഈ നീക്കത്തിനു പിച്ചൊരുക്കിയതു ജയ് ഷായുടെ പിതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ആണെന്നായിരുന്നു ക്രിക്കറ്റ്–രാഷ്ട്രീയ ലോകത്തെ സംസാരം.
2 വർഷത്തിനുള്ളിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റായി ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ ബിസിസിഐയുടെ ഭരണഘടനയിൽ മാറ്റം വരുത്തി ജയ് ഷാ ഉൾപ്പെടെയുള്ളവർക്ക് അധികാരത്തിൽ തുടരാനുള്ള അവസരവുമൊരുക്കി. ഇതു വിവാദമായെങ്കിലും സുപ്രീം കോടതിയും അംഗീകാരം നൽകിയതോടെ ചർച്ചകൾ ഇല്ലാതായി. 2022ൽ സൗരവ് ഗാംഗുലിക്കു പിൻഗാമിയായി റോജർ ബിന്നി ബിസിസിഐ അധ്യക്ഷനായെങ്കിലും സെക്രട്ടറി പദവിയിൽ ജയ് ഷാ തന്നെ തുടർന്നു. ഇന്ത്യയിൽ നടന്ന ക്രിക്കറ്റ് ലോകകപ്പ് ഉൾപ്പെടെയുള്ളവ ജയ് ഷായുടെ നേതൃമികവിന്റെ അടയാളമായി മാറി.
ക്രിക്കറ്റിനു പുതിയ ദിശ നൽകുകയെന്നതുൾപ്പെടെയുള്ള ദൗത്യങ്ങൾ ജയ് ഷായ്ക്കു മുന്നിലുണ്ട്. 2028ലെ ഒളിംപിക്സിൽ ക്രിക്കറ്റും ഭാഗമാണ്. അതിനു മുൻപു ക്രിക്കറ്റിനെ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. ഐസിസിയുടെ പ്രവർത്തന നടത്തിപ്പുമായി ബന്ധപ്പെട്ട പല വിമർശനങ്ങളും അംഗങ്ങളിൽ നിന്ന് ഉയർന്നു കഴിഞ്ഞു. പ്രവർത്തന ബജറ്റ് മുൻപു നിശ്ചയിച്ചിരുന്ന 20 മില്യൻ ഡോളറിനു മുകളിലെത്തിയതിനെ കൊളംബോയിൽ അടുത്തിടെ നടന്ന ഐസിസി യോഗത്തിൽ പലരും വിമർശിച്ചിരുന്നു.