ലക്നൗ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രാഹുലിനെ മാറ്റും, ബാറ്ററായി മാത്രം കളിക്കാം: എല്ലാം ഉറപ്പിച്ച് ഗോയങ്ക
Mail This Article
മുംബൈ∙ ഐപിഎൽ ടീമായ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും കെ.എൽ. രാഹുലിനെ മാറ്റും. ബുധനാഴ്ച ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക നടത്തുന്ന വാർത്താ സമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചേക്കുമെന്നാണു വിവരം. അടുത്ത സീസണിലും ലക്നൗ സൂപ്പർ ജയന്റ്സിൽ തന്നെ കളിക്കാൻ രാഹുലിനു താൽപര്യമുണ്ട്. എന്നാൽ ക്യാപ്റ്റൻസി വേണ്ടെന്നാണ് രാഹുലിന്റെയും നിലപാട്. രാഹുൽ സ്ഥാനം ഒഴിഞ്ഞാല്‍ ഇന്ത്യൻ താരം ക്രുനാൽ പാണ്ഡ്യയോ, വിന്‍ഡീസ് ബാറ്റർ നിക്കോളാസ് പുരാനോ ലക്നൗവിനെ നയിക്കാനാണു സാധ്യത.
കഴിഞ്ഞ തിങ്കളാഴ്ച കൊൽക്കത്തയിലെത്തിയ രാഹുൽ, സഞ്ജീവ് ഗോയങ്കയുമായി ചര്‍ച്ചകൾ നടത്തിയിരുന്നു. ബാറ്ററെന്ന നിലയിൽ കൂടുതൽ ശ്രദ്ധ നൽകാനാണു താൽപര്യമെന്ന് രാഹുൽ ഗോയങ്കയെ അറിയിച്ചിട്ടുണ്ട്. രാഹുലിനെ ബാറ്ററായി മാത്രം ടീമിൽ നിർത്താൻ ലക്നൗ മാനേജ്മെന്റിനും താൽപര്യമുണ്ട്. ദുലീപ് ട്രോഫി പരിശീലനത്തിന്റെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് രാഹുൽ ഇപ്പോഴുള്ളത്. ശുഭ്മൻ ഗില്ലിനു കീഴിൽ ടീം എയിലാണ് രാഹുൽ കളിക്കുന്നത്.
കഴിഞ്ഞ ഐപിഎല്‍ സീസണിൽ മികച്ച രീതിയിൽ തുടങ്ങിയിട്ടും ലക്നൗവിന് പ്ലേ ഓഫിലെത്താൻ സാധിച്ചിരുന്നില്ല. കെ.എൽ. രാഹുലിനെ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച് ശകാരിച്ചതും കഴിഞ്ഞ സീസണിൽ വൻ ചർച്ചയായതാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് രാഹുൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. രാഹുലിനെ ലക്നൗവിൽനിന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു വാങ്ങണമെന്ന ആവശ്യവും ശക്തമാണ്.
എന്നാൽ അത് ഈ സീസണിൽ നടക്കാൻ സാധ്യതയില്ല. പുതിയ സീസണിനു മുൻപ് ഐപിഎല്ലിൽ മെഗാലേലം നടക്കേണ്ടതുണ്ട്. അതിനു മുൻപ് ട്രേഡ് വിൻഡോ ഇല്ലാത്തതിനാൽ രാഹുലിന് ആർസിബിയിലേക്കുള്ള പ്രവേശനം എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് താരം ലക്നൗ സൂപ്പർ ജയന്റ്സിൽ തന്നെ തുടരുന്നത്.