അഭിമാനം, അനന്തം! : ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം വീട്ടിലെത്തിയത് ഇന്നലെ; അഭിനന്ദനങ്ങൾക്കു നടുവിൽ സജന
Mail This Article
മാനന്തവാടി ∙ മകൾ സജനയ്ക്ക് ഇന്ത്യൻ വനിതാ ലോകകപ്പ് ടീമിൽ ഇടം കിട്ടിയ സന്തോഷത്തിനിടയിലും ഓട്ടോറിക്ഷാ ഡ്രൈവറായ ചൂട്ടക്കടവിലെ സജനാ നിവാസിൽ സജീവന് വിശ്രമിക്കാൻ സമയമില്ല. വൈകിട്ട് സ്കൂൾ വിടുമ്പോഴേക്കും പതിവുള്ള ട്രിപ്പിന് എത്തണം. അഭിനന്ദനം അറിയിക്കാനെത്തിയവരെ നോക്കി പുഞ്ചിരിച്ച് സജീവൻ നേരെ ഓട്ടോറിക്ഷയുമായി വിദ്യാലയത്തിലേക്ക്. അച്ഛൻ ഓട്ടോയിലാണ് ഓടുന്നതെങ്കിൽ മകൾ വിമാനത്തിലാണ് പറക്കുന്നത്.
ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം ഇന്നലെ രാത്രിയോടെയാണ് സജന വീട്ടിലെത്തിയത്. ടീമിലെടുത്തതിൽ സന്തോഷമുണ്ടെന്നും വിജയത്തിനായി ആത്മാർഥമായി ശ്രമിക്കുമെന്നും പ്രതികരണം. വീട്ടിലിരിക്കാൻ അധികം സമയമില്ല. യുഎഇയിൽ ഒക്ടോബറിൽ നടക്കുന്ന ലോകകപ്പിനൊരുങ്ങണം.
മാനന്തവാടി ഗവ.ഹൈസ്കൂൾ മൈതാനത്ത് നിന്ന് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പഠിച്ച സജന ഈ വർഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ടത് ആവേശത്തോടെയാണ് സ്വന്തം നാടായ ചൂട്ടക്കടവ് ഏറ്റുവാങ്ങിയത്. മാനന്തവാടി നഗരത്തിന് വിളിപ്പാടകലെയുള്ള ചൂട്ടക്കടവിലെ പാതയോരങ്ങളിൽ സജനയുടെ കൂറ്റൻ കട്ടൗട്ടുകൾ കാണാം.
2 മാസം മുൻപാണ് മാനന്തവാടി പൗരാവലി സജനയ്ക്ക് ഗംഭീര സ്വീകരണം ഒരുക്കിയത്. അന്ന് വച്ച ബോർഡുകളിൽ സജന ഇപ്പോഴും പുഞ്ചിരിതൂകി നിൽക്കുന്നുണ്ട്. ആ ചിരി ഇപ്പോൾ ലോകകപ്പിലേക്കും പടരുന്നു. വനിതാ പ്രിമിയർ ലീഗിൽ അവസാന പന്തിൽ സിക്സറടിച്ച് മുംബൈ ഇന്ത്യൻസിന്റെ വിജയശിൽപിയായതോടെയാണ് സജനയ്ക്ക് ആരാധകരേറിയത്.
മാനന്തവാടി ഗവ ഹൈസ്കൂളിൽ പ്ലസ്ടുവിന് പഠിക്കവേ, കായികാധ്യാപികയായ എൽസമ്മയാണ് സജനയിലെ ക്രിക്കറ്റ് പ്രതിഭയെ തിരിച്ചറിഞ്ഞത്. മാനന്തവാടി നഗരസഭാ കൗൺസിലറാണ് സജനയുടെ അമ്മ ശാരദാ സജീവൻ. മുൻപ് മാനന്തവാടി പഞ്ചായത്ത് പ്രസിഡന്റായും എടവക പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് മാനന്തവാടി ഗവ യുപി സ്കൂളിലെ കമ്യൂണിറ്റി കിച്ചണിൽ സജീവ സാന്നിധ്യമായിരുന്നു സജന. കന്നഡ സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത് കലയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുമുണ്ട്.