‘കഠിനാധ്വാനവും കഴിവും; താങ്കളുടെ മകൻ വലിയ നിലയിലെത്തിയല്ലോ’: അമിത് ഷായെ ‘അഭിനന്ദനങ്ങൾകൊണ്ടു മൂടി’ മമത, മഹുവ
Mail This Article
കൊൽക്കത്ത∙ ബിസിസിഐ സെക്രട്ടറി ജയ് ഷാ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതിൽ പിതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ ‘അഭിനന്ദിച്ച്’ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ്, മകനെ ‘നല്ല നിലയിൽ എത്തിച്ച’ പിതാവെന്ന നിലയിൽ അമിത് ഷായെ മമത പരിഹാസപൂർവം അഭിനന്ദിച്ചത്. മമത ബാനർജിക്കു പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്രയും ജയ് ഷായുടെ നേട്ടത്തിൽ അമിത് ഷായെ അഭിനന്ദിച്ച് രംഗത്തെത്തി.
‘‘അഭിനന്ദനങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി!! താങ്കളുടെ മകൻ ഒരു രാഷ്ട്രീയക്കാരനായില്ല. പക്ഷേ, മിക്ക രാഷ്ട്രീയ പദവികളേക്കാളും വലിയ ഐസിസി ചെയർമാൻ സ്ഥാനത്ത് എത്തിയിരിക്കുന്നു. താങ്കളുടെ മകൻ ഇതാ കരുത്തരിൽ കരുത്തനായിരിക്കുന്നു. അദ്ദേഹത്തിന്റെ ഈ ഉന്നതമായ സ്ഥാനലബ്ധിയിൽ താങ്കൾക്ക് എല്ലാ അഭിനന്ദനങ്ങളും’’ – മമത ബാനർജി എക്സിൽ കുറിച്ചു.
ഇതിനു പിന്നാലെ, ബിജെപിയുടെ കടുത്ത വിമർശകയും തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്രയും മകന്റെ നേട്ടത്തിൽ അമിത് ഷായെ അഭിനന്ദിച്ച് എക്സിലൂടെ രംഗത്തെത്തി.
‘‘അഭിനന്ദനങ്ങൾ അമിത് ഷാ. മമത ബാനർജിക്കൊപ്പം ഞാനും താങ്കളുടെ മകന്റെ അവിസ്മരണീയ നേട്ടത്തിൽ താങ്കളെ അനുമോദിക്കുന്നു. കഠിനാധ്വാനവും കഴിവും എപ്രകാരമാണ് എന്തും സാധ്യമാക്കുന്നത് എന്നതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് താങ്കളുടെ മകൻ’ – മഹുവ മൊയ്ത്ര കുറിച്ചു.
ഐസിസി അധ്യക്ഷ പദവിയിലെത്തുന്ന പ്രായം കുറഞ്ഞയാളെന്ന നേട്ടത്തോടെയാണ് ജയ് ഷാ തൽസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽനിന്ന് ജഗ്‌മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ.ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവർക്കു ശേഷം ഐസിസി ചെയർമാനാകുന്നയാളാണ് ജയ് ഷാ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറിയായി സേവനമനുഷ്ഠിക്കെയാണ് ജയ് ഷാ ഐസിസി തലപ്പത്തെത്തുന്നത്.