‘ശുഭ്മൻ ഗില്ലൊക്കെ എനിക്കൊപ്പമെത്താൻ ഇനിയും എത്രയോ വളരണം’: ഡീപ്ഫെയ്ക് കുരുക്കിൽ വിരാട് കോലി– വിഡിയോ
Mail This Article
ന്യൂഡൽഹി∙ ഡീപ്ഫെയ്ക് വിഡിയോ കുരുക്കിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും. ഭാവി ഇന്ത്യൻ നായകനായി വിലയിരുത്തപ്പെടുന്ന യുവതാരം ശുഭ്മൻ ഗില്ലിനെ ബോധപൂർവം ഇകഴ്ത്തി സംസാരിക്കുന്ന കോലിയുടെ ഡീപ്ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒരു പതിറ്റാണ്ടിലേറെയായി രാജ്യാന്തര ക്രിക്കറ്റിൽ സ്ഥിരതയോടെ കളിക്കുന്ന തനിക്കൊപ്പം ഗില്ലിനെ താരതമ്യം ചെയ്യാനാകില്ല എന്നത് ഉൾപ്പെടെ, യുവതാരത്തെ താഴ്ത്തിക്കെട്ടുന്ന ഒട്ടേറെ പരാമർശങ്ങൾ ഉൾപ്പെടുന്നതാണ് വിഡിയോ.
സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്ന വിഡിയോ, നിർമിത ബുദ്ധിയുടെ അപകടകരമായ സാധ്യതകൾ ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്നതായി ഒട്ടേറെ ആരാധകർ കുറിച്ചു. യഥാർഥ വിഡിയോയേപ്പോലും വെല്ലുന്ന വിധത്തിലാണ് ഡീപ്ഫെയ്ക് വിഡിയോയുടെ നിർമാണം. വിഡിയോയിൽ കോലിയുടെ പരാമർശങ്ങൾ ഇങ്ങനെ:
‘‘ഞങ്ങൾ ഓസ്ട്രേലിയയിൽ നിന്ന് തിരിച്ചെത്തിയപ്പോഴേക്കും, ഏറ്റവും ഉയർന്ന തലത്തിൽ വിജയിക്കാൻ വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് ഞാൻ കണ്ടെത്തി. ഗില്ലിന്റെ പ്രകടനം ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. പ്രതിഭയുള്ള താരമാണ് ഗിൽ എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, പ്രതിഭയുടെ മിന്നലാട്ടങ്ങളുമായി ഭാവി വാഗ്ദാനമായി അറിയപ്പെടുന്നതും ലെജൻഡ് ആയി മാറുന്നതും തമ്മിൽ വലിയ അന്തരമുണ്ട്..
‘‘ആളുകൾ അടുത്ത വിരാട് കോലിയെക്കുറിച്ചൊക്കെ ചർച്ച നടത്തുന്നുണ്ട് എന്നറിയാം. പക്ഷേ ഒരു കാര്യം ഞാൻ വ്യക്തമായി പറയാം. ഒരേയൊരു വിരാട് കോലിയേയുള്ളൂ. ഏറ്റവും ബുദ്ധിമുട്ടേറിയ ബോളർമാരെ ഞാൻ നേരിട്ടിട്ടുണ്ട്, അതീവ സമ്മർദ്ദ ഘട്ടങ്ങളിൽ മികവു കാട്ടിയിട്ടുമുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഞാൻ സ്ഥിരതയോടെ ഇതെല്ലാം ചെയ്യുന്നതാണ്. ഏതാനും നല്ല ഇന്നിങ്സുകൾ കളിച്ചതുകൊണ്ട് ആ നിലവാരത്തിലെത്തിയെന്ന് പറയാനാകില്ല.
‘‘എന്റെ ഭാഗത്തുനിന്ന് തെറ്റായ തീരുമാനമുണ്ടായാൽ പിന്നീട് പുറത്തിരുന്ന് കയ്യടിക്കേണ്ട അവസ്ഥ വരും. ഇന്ത്യൻ ക്രിക്കറ്റിൽ ദൈവമുണ്ട്, പിന്നെ ഞാനും. അതാണ് മാനദണ്ഡം. ആ തലത്തിലെത്തണമെങ്കിൽ ഗിൽ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്.’– ഡീപ്ഫെയ്ക് വിഡിയോയിൽ കോലി പറയുന്നു.