ADVERTISEMENT

ഇസ്‍ലാമാബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ, രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തലപ്പത്തേക്കു വരുന്നത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും (പിസിബി) ഗുണകരമാണെന്ന് മുൻ പാക്കിസ്ഥാൻ താരം റഷീദ് ലത്തീഫ്. ജയ് ഷാ ഐസിസി തലപ്പത്തെത്തുന്നതോടെ, ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാനിലേക്ക് അയച്ചേക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയച്ചേക്കില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ്, ജയ് ഷാ ഐസിസി അധ്യക്ഷനാകുന്നതോടെ ഇന്ത്യൻ ടീം പാക്കിസ്ഥാനിലെത്തുമെന്ന മുൻ താരത്തിന്റെ പ്രഖ്യാപനം.

‘‘ജയ് ഷാ ഐസിസി ചെയർമാനാകുന്നതിനെ പാക്കിസ്ഥാൻ എതിർക്കാതിരുന്നതിന് ഒരു കാരണമുണ്ട്. അദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് ചില ധാരണകൾ ഉണ്ടെന്ന് ഞാൻ കരുതുന്നു. ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലെത്തിയാൽ അതിനു പിന്നിൽ തീർച്ചയായും ജയ് ഷായുടെ അധ്വാനവും ഇന്ത്യൻ സർക്കാരിന്റെ പിന്തുണയുമുണ്ടാകും’ – റഷീദ് ലത്തീഫ് പറഞ്ഞു.

‘‘ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കുന്നതിൽ ഇതിനകം പകുതി അനുമതിയായിക്കഴിഞ്ഞു. എന്തായാലും ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു വരുന്നു എന്നു തന്നെ കരുതാം’ – റഷീദ് ലത്തീഫ് പറഞ്ഞു.

ഐസിസി ചെയർമാനായി ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധത്തിൽ വലിയ വഴിത്തിരിവിനു കാരണമാകുമെന്നും റഷീദ് ലത്തീഫ് അഭിപ്രായപ്പെട്ടു. ഏകദിനത്തിലെ ആദ്യ എട്ട് റാങ്കിലുള്ള ടീമുകൾ മത്സരിക്കുന്ന ചാംപ്യൻസ് ട്രോഫി അടുത്ത വർഷം ഫെബ്രുവരി 19നാണ് പാക്കിസ്ഥാനിൽ ആരംഭിക്കുന്നത്. മാർച്ച് 9നാണ് കലാശപ്പോരാട്ടം.

English Summary:

Rashid Latif says PCB did not oppose Jai Shah's appointment as ICC chairman for a reason

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com