പാരിസ് ഒളിംപിക്സിൽ തകർപ്പൻ പ്രകടനമല്ലേ, ആദ്യം താങ്കളുടെ സഹോദരൻമാരെ അഭിനന്ദിക്കൂ: മമതയോട് ബിജെപി
Mail This Article
കൊൽക്കത്ത∙ ജയ് ഷാ ഐസിസി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ പിതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ പരിഹാസപൂർവം അഭിനന്ദിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ബിജെപി. പാരിസ് ഒളിംപിക്സിൽ മികച്ച പ്രകടനം കാഴ്ചവച്ച പശ്ചാത്തലത്തിൽ ബംഗാൾ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് അജിത് ബാനർജി, ജോയിന്റ് സെക്രട്ടറി ബബുൻ ബാനർജി എന്നിവരെയാണ് മമത ആദ്യം അഭിനന്ദിക്കേണ്ടതെന്ന് ബംഗാൾ ബിജെപി വക്താവ് അർച്ചന മജുംദാർ പ്രതികരിച്ചു. മമതയുടെ സഹോദരൻമാരാണ് ഇരുവരും. മമത ബാനർജിയുടെ എക്സ് പോസ്റ്റിനു താഴെ കമന്റായാണ് അർച്ചനയുടെ പ്രതികരണം.
‘‘ആദ്യം താങ്കളുടെ സഹോദരൻമാരെ അഭിനന്ദിക്കൂ. പാരിസ് ഒളിംപിക്സിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അജിത് ബാനർജി, ജോയിന്റ് സെക്രട്ടറി ബബുൻ ബാനർജി എന്നിവർ അഭിനന്ദനം അർഹിക്കുന്നു’ – അർച്ചന മജുംദാർ കുറിച്ചു.
നേരത്തെ, മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയുമാണ് ജയ് ഷായുടെ സ്ഥാനലബ്ധിയിൽ അമിത് ഷായെ അഭിനന്ദിച്ച് എക്സിൽ പോസ്റ്റ് പങ്കുവച്ചത്. ‘‘അഭിനന്ദനങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി!! താങ്കളുടെ മകൻ ഒരു രാഷ്ട്രീയക്കാരനായില്ല. പക്ഷേ, മിക്ക രാഷ്ട്രീയ പദവികളേക്കാളും വലിയ ഐസിസി ചെയർമാൻ സ്ഥാനത്ത് എത്തിയിരിക്കുന്നു. താങ്കളുടെ മകൻ ഇതാ കരുത്തരിൽ കരുത്തനായിരിക്കുന്നു. അദ്ദേഹത്തിന്റെ ഈ ഉന്നതമായ സ്ഥാനലബ്ധിയിൽ താങ്കൾക്ക് എല്ലാ അഭിനന്ദനങ്ങളും’’ – മമത ബാനർജി എക്സിൽ കുറിച്ചു.
ഇതിനു പിന്നാലെ, ബിജെപിയുടെ കടുത്ത വിമർശകയും തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്രയും മകന്റെ നേട്ടത്തിൽ അമിത് ഷായെ അഭിനന്ദിച്ച് എക്സിലൂടെ രംഗത്തെത്തി. ‘‘അഭിനന്ദനങ്ങൾ അമിത് ഷാ. മമത ബാനർജിക്കൊപ്പം ഞാനും താങ്കളുടെ മകന്റെ അവിസ്മരണീയ നേട്ടത്തിൽ താങ്കളെ അനുമോദിക്കുന്നു. കഠിനാധ്വാനവും കഴിവും എപ്രകാരമാണ് എന്തും സാധ്യമാക്കുന്നത് എന്നതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് താങ്കളുടെ മകൻ’ – മഹുവ മൊയ്ത്ര കുറിച്ചു.
ഐസിസി അധ്യക്ഷ പദവിയിലെത്തുന്ന പ്രായം കുറഞ്ഞയാളെന്ന നേട്ടത്തോടെയാണ് ജയ് ഷാ തൽസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽനിന്ന് ജഗ്‌മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ.ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവർക്കു ശേഷം ഐസിസി ചെയർമാനാകുന്നയാളാണ് ജയ് ഷാ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറിയായി സേവനമനുഷ്ഠിക്കെയാണ് ജയ് ഷാ ഐസിസി തലപ്പത്തെത്തുന്നത്.