‘ടെസ്റ്റ് രണ്ട്–രണ്ടര ദിവസം കൊണ്ടു ജയിക്കണമെന്ന് നിർബന്ധമുണ്ടോ? ബാറ്റർമാരുടെ ആത്മവിശ്വാസം തകർത്തത് ടീം മാനേജ്മെന്റ്’
Mail This Article
മുംബൈ∙ സ്പിന്നിനെ നേരിടുന്നതിൽ സമീപകാലത്ത് ഇന്ത്യൻ ബാറ്റർമാർക്കു സംഭവിക്കുന്ന പിഴവ്, ടീം മാനേജ്മെന്റിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. സ്പിന്നിനെ അതിരുവിട്ട് സഹായിക്കുന്ന പിച്ചുകളൊരുക്കുന്നതാണ് ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം മോശമാകാൻ കാരണമെന്ന് ഹർഭജൻ പറഞ്ഞു. ഇത്തരം പിച്ചുകളിൽ തുടർച്ചയായി ചെറിയ സ്കോറിന് പുറത്താകുന്നത് ഇന്ത്യയുടെ ബാറ്റർമാരുടെ ആത്മവിശ്വാസം തകർക്കുന്നുണ്ട്. ടെസ്റ്റ് മത്സരങ്ങൾ രണ്ട് രണ്ടര ദിവസം കൊണ്ടുതന്നെ ജയിക്കണമെന്ന് നിർബന്ധമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയുടെ ഇപ്പോഴത്തെ ബോളിങ് കരുത്തുവച്ചു നോക്കുമ്പോൾ സാധാരണ പിച്ചൊരുക്കിയാലും അഞ്ച് ദിവസം കൊണ്ട് ജയിക്കാനാകുമെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി. രണ്ടര ദിവസം കൊണ്ട് മത്സരം ജയിക്കണമെന്ന് വാശി പിടിക്കരുതെന്നും അത് ബാറ്റർമാരുടെ ആത്മവിശ്വാസം തകർക്കുമെന്നും ഹർഭജൻ മുന്നറിയിപ്പു നൽകി.
‘‘സ്പിന്നിനെ അസ്വാഭാവികമായ വിധത്തിൽ സഹായിക്കുന്ന പിച്ചകളിലാണ് നമ്മൾ ഇപ്പോൾ കൂടുതൽ മത്സരങ്ങളും കളിക്കുന്നത്. ടെസ്റ്റ് മത്സരങ്ങൾ ജയിക്കുകയാണ് നമ്മുടെ ലക്ഷ്യം. ജയിക്കുന്നുമുണ്ട്. പക്ഷേ, രണ്ടര ദിവസം കൊണ്ടു തന്നെ ജയിക്കണമെന്ന് നിർബന്ധമുണ്ടോ?’ – ഹർഭജൻ സിങ് ചോദിച്ചു.
‘‘സാധാരണ പിച്ചുകൾ ഒരുക്കിയാലും നമുക്ക് അനായാസം ജയിക്കാമെന്നാണ് ഞാൻ കരുതുന്നത്. അതായത് മൂന്നാം ദിനത്തിലോ നാലാം ദിനത്തിലോ സ്പിന്നിനെ സഹായിക്കാൻ തുടങ്ങുന്ന, പരമ്പരാഗത രീതിയിലുള്ള പിച്ചുകൾ. അങ്ങനെയാണെങ്കിൽപ്പോലും നമുക്ക് അനായാസം ജയിക്കാം. ഇത്തരം പിച്ചുകളിൽ ബാറ്റർമാർക്ക് നിലയുറപ്പിക്കാൻ കൂടുതൽ സമയം ലഭിക്കും എന്നതാണ് വ്യത്യാസം.
‘‘അങ്ങനെ സംഭവിച്ചാൽ ഇപ്പോഴത്തേതുപോലെ സ്പിന്നിനെതിരെ നമ്മുടെ ബാറ്റർമാർ പതറുന്നതിനെക്കുറിച്ച് സുദീർഘമായ ചർച്ചകൾ വേണ്ടിവരില്ല. സ്പിൻ കളിക്കുന്ന കാര്യത്തിൽ നമ്മുടെ ബാറ്റർമാരുടെ ആത്മവിശ്വാസം തകർത്ത് നമ്മൾ തന്നെയാണ്. സ്പിന്നിനെ അതിരുവിട്ട് സഹായിക്കുന്ന പിച്ചിൽ ആരാണെങ്കിലും ചെറിയ സ്കോറിനു പുറത്താകും.
‘‘ഈ പ്രശ്നം പരിഹരിക്കാൻ നമുക്കു മുന്നിൽ ഇപ്പോഴും സമയമുണ്ട്. സാധാരണ പിച്ചിൽ കളിച്ചാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഏതെങ്കിലും ടീമിന് ഇന്ത്യയെ തോൽപ്പിക്കാനാകുമെന്ന് ഞാൻ കരുതുന്നില്ല. നമ്മുടെ പേസ്, സ്പിൻ വിഭാഗങ്ങളിലെ മികവു നോക്കുമ്പോൾ മൂന്നാം ദിനം തന്നെ ജയിപ്പിച്ചില്ലെങ്കിലും അഞ്ചാം ദിനമാകുമ്പോഴേയ്ക്കും ഉറപ്പായും അവർ വിജയം സമ്മാനിക്കും. പക്ഷേ, അത്തരം പിച്ചുകളിൽ നമ്മുടെ ബാറ്റർമാർക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കും. കൂടുതൽ റൺസ് സ്കോർ ചെയ്യാൻ സാധിക്കുന്നതോടെ അത് വീണ്ടും കൂടും. എങ്ങനെയാണ് സ്പിന്നിനെ നേരിടേണ്ടത് എന്ന് നമ്മുടെ ബാറ്റർമാർ മറന്നു എന്നു തോന്നുന്നില്ല. പക്ഷേ സമീപകാലത്ത് സാഹചര്യങ്ങൾ അതിന് അനുകൂലമല്ല എന്നതാണ് വാസ്തവം’ – ഹർഭജൻ പറഞ്ഞു.