ഓസ്ട്രേലിയയ്ക്കെതിരെ വൻമതിലാകുമോ മകനും?; രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ഇന്ത്യൻ അണ്ടർ 19 ടീമിൽ
Mail This Article
മുംബൈ∙ മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്, ഓസ്ട്രേലിയയ്‌ക്കെതിരായ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മഹാരാജ ട്വന്റി20 ടൂർണമെന്റിൽ കളിക്കുകയാണ് സമിത്. ടൂർണമെന്റിൽ രുൺ നായർ നയിക്കുന്ന മൈസൂരു വാരിയേഴ്സിന്റെ താരമാണ് സമിത്.
രണ്ട് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളും (ചതുർദിന മത്സരങ്ങൾ) മൂന്ന് ഏകദിനങ്ങളും ഉൾപ്പെടുന്നതാണ് ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പര. ഉത്തർപ്രദേശിൽ നിന്നുള്ള മുഹമ്മദ് അമാനാണ് ഏകദിന ടീമിന്റെ ക്യാപ്റ്റൻ. അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിൽ മധ്യപ്രദേശ് താരം സോഹം പട്‌വർധനും ടീമിനെ നയിക്കും.
പരമ്പരയിലെ ഏകദിന മത്സരങ്ങൾ പുതുച്ചേരിയിൽ സെപ്റ്റംബർ 21, 23, 26 തീയതികളിൽ നടക്കും. ഇതിനു ശേഷം സെപ്റ്റംബർ 30 മുതലും ഒക്ടോബർ ഏഴു മുതലും രണ്ട് ചതുർദിന മത്സരങ്ങൾ ചെന്നൈയിലും നടക്കും.
ഈ വർഷം ആദ്യം നടന്ന കുച്ച് ബിഹാർ ട്രോഫിയിൽ സമിത് ദ്രാവിഡിന്റെ പ്രകടനം ശ്രദ്ധേ നേടിയിരുന്നു. എട്ടു മത്സരങ്ങളിൽനിന്ന് 362 റൺസാണ് പതിനെട്ടുകാരനായ സമിത് ടൂർണമെന്റിൽ അടിച്ചുകൂട്ടിയത്. ഇതിൽ ജമ്മു കശ്മീരിനെതിരെ 98 റൺസെടുത്ത ഇന്നിങ്സ് ശ്രദ്ധേയമായിരുന്നു.
പേസ് ബോളിങ് ഓൾറൗണ്ടറായ സമിത് എട്ടു മത്സരങ്ങളിൽനിന്ന് 16 വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഇതിൽ രണ്ടു വിക്കറ്റുകൾ ശക്തരായ മുംബൈയ്‌ക്കെതിരെയായിരുന്നു.