മലയാളികളുടെ ‘പാടത്തെ’ ക്രിക്കറ്റ് വിഡിയോയ്ക്ക് സൂര്യയുടെ ക്യാച്ചിനെ ‘ട്രോളി’ കമന്റ്, വിവാദം; തമാശയെന്ന് ഷംസി
Mail This Article
ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ലോകകപ്പ് ഫൈനലിൽ സൂര്യകുമാർ യാദവ് എടുത്ത നിർണായക ക്യാച്ചിനെ ‘ട്രോളി’ വിഡിയോയ്ക്ക് കമന്റിട്ട ദക്ഷിണാഫ്രിക്കൻ താരം ടബരേസ് ഷംസി വിവാദക്കുരുക്കിൽ. മലയാളികളായ ഒരു കൂട്ടം യുവാക്കൾ ക്രിക്കറ്റ് കളിക്കുന്ന വിഡിയോയ്ക്കാണ്, സൂര്യയുടെ ക്യാച്ചിനെ പരാമർശിച്ച് ഷംസി കമന്റിട്ടത്. വിമർശനം ശക്തമായതോടെ, തമാശയ്ക്കാണ് അത്തരമൊരു കമന്റിട്ടത് എന്ന് വിശദീകരിച്ച് ഷംസി രംഗത്തെത്തി.
കേരളത്തിലെ ഒരു ഗ്രാമത്തിൽ ക്രിക്കറ്റ് കളിക്കുന്ന ഒരുകൂട്ടം യുവാക്കൾ ബൗണ്ടറി ലൈനിനു സമീപത്തുവച്ച് എടുത്ത ഒരു ക്യാച്ചിനെച്ചൊല്ലി തർക്കിക്കുന്ന വിഡിയോയ്ക്കാണ്, ഷംസി വിവാദ കമന്റിട്ടത്. കളിക്കിടെ ബാറ്റിങ് ടീമിലെ താരം അടിച്ച ഷോട്ട് ബൗണ്ടറിക്കു തൊട്ടരികെ ഓടിയെത്തിയ ഫീൽഡർ കയ്യിലൊതുക്കി. തുടർന്ന്, ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ താൻ ബൗണ്ടറി കടന്നിട്ടില്ലെന്ന് തെളിയിക്കാൻ ക്യാച്ചെടുത്ത സ്ഥലത്ത് അതേപടി നിന്ന് എല്ലാവരെയും പരിശോധിക്കാനായി വിളിക്കുന്നു. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ ക്രിക്കറ്റ് മൈതാനങ്ങളിൽ കാണുന്ന സ്ഥിരം കാഴ്ച തന്നെ.
ക്യാച്ചെടുത്ത ഫീൽഡറോട് ‘അവിടെത്തന്നെ നിൽക്ക്’ എന്ന് പറഞ്ഞ് ഇരു ടീമുകളിലെയും താരങ്ങൾ ചെന്ന് ബൗണ്ടറിയാണോയെന്ന് പരിശോധിക്കുന്നത് വിഡിയോയിൽ കാണാം. ആദ്യമെത്തുന്നയാൾ ഫീൽഡറുടെ കാലിനു മുന്നിൽ ബാറ്റ് വച്ച് ബൗണ്ടറി കടന്നതായി വിലയിരുത്തുന്നു. തർക്കം രൂക്ഷമായതോടെ സമീപത്തുള്ള കയറെടുത്ത് ബൗണ്ടറി ലൈനിലേക്ക് നീട്ടിപ്പിടിച്ച് വിശദമായിത്തന്നെ പരിശോധിക്കുന്നു. ഇതിനിടയിലും ഇരു ടീമുകളിലെയും അംഗങ്ങൾ തർക്കിക്കുന്നതും കേൾക്കാം.
ഈ വിഡിയോ പങ്കുവച്ച് ഷംസി കുറിച്ചത് ഇങ്ങനെ: ‘ലോകകപ്പ് ഫൈനലിലെ ക്യാച്ച് ഈ രീതിയിൽ പരിശോധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അത് നോട്ടൗട്ട് ആകുമായിരുന്നു’.
ഇതോടെ ഷംസിയെ രൂക്ഷമായി വിമർശിച്ച് ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. ഇന്ത്യയ്‌ക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച സൂര്യകുമാർ യാദവിന്റെ നിർണായക ക്യാച്ചിനെ ഷംസി അനാവശ്യമായി പരിഹസിച്ചതായി ഒട്ടേറെ ആരാധകർ വിമർശിച്ചു. ഇതോടെയാണ് ഷംസി വിശദീകരണവുമായി വീണ്ടും രംഗത്തെത്തിയത്.
‘ഞാൻ പറഞ്ഞത് വെറുമൊരു തമാശയാണെന്ന് ചിലർക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. ഒരു നാലു വയസ്സുള്ള കുഞ്ഞിനേപ്പോലെ ഞാൻ നിങ്ങളോടു പറയട്ടെ, ഇതൊരു തമാശ മാത്രമാണ്’ – ഷംസി കുറിച്ചു.