കണ്ണൂരുകാരൻ സുനിൽ, കൊച്ചിക്കാരൻ ശ്രീശാന്ത്, തിരുവനന്തപുരത്തിന്റെ സഞ്ജു; ഇന്ത്യൻ ടീമിൽ ഇടവേളകളില്ലാതെ ഇനിയും മലയാളികളെത്തും: മോഹൻലാൽ
Mail This Article
തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകുമെന്നും അതിന്റെ തുടക്കമാണ് കേരള ക്രിക്കറ്റ് ലീഗ് എന്നും നടൻ മോഹന്‍ലാല്‍. ഇന്ത്യൻ വനിതാ ടീമിൽ മിന്നു മണി, ആശാ ശോഭന, സജന സജീവൻ എന്നീ മൂന്നു മിടുക്കികള്‍ക്ക് ഈ വർഷം അവസരം ലഭിച്ചതുതന്നെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) മികവിന്റെ അടയാളമാണെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ അവതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ക്രിക്കറ്റ് ഒരു കായിക വിനോദത്തിനും അപ്പുറം ലോകമെമ്പാടും ഒരു വികാരമാണ്. ഇന്ത്യ ലോകകപ്പ് നേടിയപ്പോഴെല്ലാം ടീമിൽ മലയാളികളുണ്ടായിരുന്നു. കണ്ണൂരുകാരൻ സുനിൽ വൽസൻ 1983 ലോകകപ്പിലും എറണാകുളം സ്വദേശി ശ്രീശാന്ത് 2007ലെ ട്വന്റി20, 2011ലെ ഏകദിന ലോകകപ്പിലും തിരുവനന്തപുരത്തുകാരൻ സഞ്ജു സാംസൺ ഈ വർഷത്തെ ലോകകപ്പിലും കിരീടം ചൂടിയ ടീമുകളിൽ അംഗങ്ങളായിരുന്നു. അങ്ങനെ വടക്കേറ്റം മുതൽ തെക്കേയറ്റം വരെയുള്ളവർ ഇന്ത്യൻ ലോകകപ്പ് വിജയങ്ങളുടെ ഭാഗമായി.
‘‘കേരളത്തിൽ കൂടുതൽ ആരാധകരുള്ള രണ്ട് കായികവിനോദങ്ങൾ ക്രിക്കറ്റും ഫുട്‌ബോളുമാണ്. രണ്ടിന്റേയും ഏതു മൽസരങ്ങൾക്കും ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന മലയാളികൾ ലോകമെമ്പാടുമുണ്ട്. പാടത്തും പറമ്പിലും ഓലമടലും ഓലപ്പന്തുമൊക്കെ ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചിരുന്ന ബാല്യമായിരുന്നു ഞങ്ങളുടേത്.
‘‘ഇന്നത്തെ തലമുറ മഹേന്ദ്രസിങ് ധോണി മുതൽ സഞ്ജു സാംസൺ വരെ കയ്യൊപ്പിട്ട ബാറ്റുകളേന്തിയാണ് കളി പഠിക്കാനിറങ്ങുന്നത്. ക്രിക്കറ്റ് പരിശീലിക്കാൻ മികച്ച അവസരമാണ് ഇപ്പോള്‍ കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളും കളിക്കാർക്ക് നൽകുന്നത്. കേരളത്തിലുടനീളം പടർന്നുകിടക്കുന്ന ഗ്രൗണ്ടുകളും നല്ല പരിശീലകരും ഉള്‍പ്പെടെയുള്ള നല്ല കാര്യങ്ങളുടെ ഫലമായാണ് ഇന്ത്യൻ ക്രിക്കറ്റിൽ കേരളത്തിനു മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിക്കുന്നത്’ – മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.
‘‘ഇന്ത്യൻ വനിതാ ടീമിൽ ഈ വർഷം മിന്നു മണി, ആശാ ശോഭന, സജന സജീവൻ എന്നീ മൂന്നു മിടുക്കികള്‍ക്ക് അവസരം ലഭിച്ചതുതന്നെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തങ്ങൾ വിലയിരുത്താൻ ധാരാളമാണ്. ഒരുകൂട്ടം ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിക്കാൻ സാധിച്ച കേരള ക്രിക്കറ്റ് അസോസിയേഷന് ഇനിയും ഇക്കാര്യത്തിൽ ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. അതിന് അവർക്ക് സാധിക്കും’ – മോഹന്‍ലാല്‍ പറഞ്ഞു.
കേരളത്തിലെ കായികരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ 2000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞതായി ക്രിക്കറ്റ് ലീഗ് ചാംപ്യന്മാര്‍ക്കുള്ള ട്രോഫി അനാവരണം ചെയ്തുകൊണ്ട് കായികമന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. പങ്കാളിത്തത്തോടെയുള്ള നിക്ഷേപങ്ങള്‍ പതിന്മടങ്ങ് വര്‍ധിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കേരളത്തിന്റെ കായിക സമ്പദ്ഘടന രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെയായി കായികരംഗത്തിന്റെ സംഭാവന വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്.
ക്രിക്കറ്റിലും ഫുട്ബോളിലും പ്രഫഷനല്‍ ലീഗുകള്‍ ആരംഭിക്കുന്നതിലൂടെ വലിയതോതിലുള്ള നിക്ഷേപമാണ് കേരളത്തില്‍ വരിക. സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയില്‍ ശക്തമായ സംഭവാനകള്‍ നല്‍കാന്‍ ക്രിക്കറ്റ് അസോസിയേഷന് സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.