ഇതുവരെ ടെസ്റ്റ് കളിക്കാത്ത ഇന്ത്യൻ യുവതാരം, ഇംഗ്ലിഷ് മണ്ണിൽ സെഞ്ചറിത്തിളക്കം; സിലക്ടർമാർക്ക് വീണ്ടും തലവേദന?– വിഡിയോ
Mail This Article
ലണ്ടൻ∙ ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കാനിരിക്കെ, ഇംഗ്ലിഷ് മണ്ണിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ തകർപ്പൻ സെഞ്ചറിയുമായി ഒരു യുവതാരം. തമിഴ്നാട്ടിൽ നിന്നുള്ള സായ് സുദർശൻ എന്ന ഇരുപത്തിരണ്ടുകാരനാണ് കൗണ്ടി ക്രിക്കറ്റിൽ കന്നി സെഞ്ചറിയുമായി തിളങ്ങിയത്. കൗണ്ടി ചാംപ്യൻഷിപ്പിൽ സറെയ്‌ക്കായി നോട്ടിങ്ങാംഷെയറിനെതിരെയാണ് സായ് സുദർശൻ സെഞ്ചറി നേടിയത്.
സറെയ്‌ക്കായി ആറാമനായി ബാറ്റിങ്ങിന് ഇറങ്ങിയ സായ് സുദർശൻ, 178 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 105 റൺസെടുത്തു. ഇന്നിങ്സിലെ തന്റെ ആദ്യ സിക്സറുമായി രാജകീയമായാണ് സായ് സുദർശൻ സെഞ്ചറി പൂർത്തിയാക്കിയത്. സായ് സുദർശന്റെ സെഞ്ചറിയുടെ കൂടി കരുത്തിൽ സരെ അടിച്ചുകൂട്ടിയത് 525 റൺസ്.
266 പന്തിൽ 161 റൺസെടുത്ത ക്യാപ്റ്റൻ റോറി ബേൺസാണ് സറെയുടെ ടോപ് സ്കോറർ. റയാൻ പട്ടേൽ, വിൽ ജാക്സ്, ജോർദാൻ ക്ലാർക് എന്നിവർ അർധസെഞ്ചറിയുമായി തിളങ്ങി. നോട്ടിങ്ങംഷെയറിനായി ഏഴു വിക്കറ്റെടുത്ത ഫർഹാൻ അഹമ്മദിന്റെ പ്രകടനവും ശ്രദ്ധേയമായി.
സറെയ്ക്കായി കളിച്ച മൂന്നാം മത്സരത്തിലാണ് സായ് സുദർശൻ സെഞ്ചറിയുമായി തിളങ്ങിയത്. ഐപിഎൽ ടീമായ ഗുജറാത്ത് ടൈറ്റൻസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് വിക്രം സോളങ്കിയാണ് സായ് സുദർശന് സറെയിൽ അവസരമൊരുക്കിക്കൊടുത്തത്. വിക്രം സോളങ്കി മുൻപ് സറെയുടെ പരിശീലകനായിരുന്നു.
ടെസ്റ്റിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ലെങ്കിലും, ഇന്ത്യയ്ക്കായി മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി20 മത്സരവും കളിച്ചിട്ടുള്ള താരമാണ് സായ് സുദർശൻ. മൂന്ന് ഏകദിനങ്ങളിൽനിന്ന് 63.50 ശരാശരിയിൽ 127 റൺസാണ് സമ്പാദ്യം. രണ്ട് അർധസെഞ്ചറികൾ നേടിയ താരത്തിന്റെ ഉയർന്ന സ്കോർ 62 റൺസാണ്. ട്വന്റി20 മത്സരത്തിൽ ബാറ്റിങ്ങിന് അവസരം കിട്ടിയതുമില്ല.