ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിക്കെതിരെ രൂക്ഷവിമർശനവുമായി യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‍രാജ് സിങ്. മകന്റെ ക്രിക്കറ്റ് കരിയർ നശിപ്പിച്ചത് ധോണിയാണെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ യോഗ്‍രാജ് സിങ് തുറന്നടിച്ചു. ധോണിക്ക് ഒരിക്കലും മാപ്പു നൽകില്ലെന്നും യോഗ്‌‍രാജ് വ്യക്തമാക്കി. യുവരാജ് സിങ്ങിന്റെ പിതാവിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

‘‘ഞാൻ എം.എസ്. ധോണിക്ക് ഒരിക്കലും മാപ്പു നൽകില്ല. ധോണി അദ്ദേഹത്തിന്റെ മുഖം കണ്ണാടിയിൽ നോക്കണം. അദ്ദേഹം വലിയ ക്രിക്കറ്റ് താരമാണ്. എന്നാൽ എന്താണ് എന്റെ മകനോട് ധോണി ചെയ്തത്? അത് ജീവിതത്തിലൊരിക്കലും മാപ്പു നൽകാൻ സാധിക്കാത്ത കാര്യമാണ്. ജീവിതത്തിൽ ഞാൻ ചെയ്യാത്തതു രണ്ടു കാര്യങ്ങളാണ്. എന്നോടു മോശം കാര്യങ്ങൾ ചെയ്ത ആര്‍ക്കും ഞാൻ മാപ്പു നൽകില്ല. അവരെ ഒരിക്കലും ആലിംഗനം ചെയ്യാൻ പോകുന്നില്ലെന്നതാണ് രണ്ടാമത്തെ കാര്യം. അതെന്റെ മക്കളായാലും കുടുംബാംഗങ്ങളായാലും അക്കാര്യത്തിൽ മാറ്റമൊന്നുമുണ്ടാകില്ല.’’– യോഗ്‌രാജ് സിങ് ഒരു അഭിമുഖത്തിൽ തുറന്നടിച്ചു.

ഇതാദ്യമായല്ല യുവരാജിന്റെ പിതാവ് ധോണിെയ വിമർശിക്കുന്നത്. ഈ വർഷം ആദ്യം ചെന്നൈ സൂപ്പർ കിങ്സ് 2024 ഐപിഎല്ലിൽ തോറ്റത് ധോണി കാരണമാണെന്ന് യോഗ്‌‍രാജ് സിങ് കുറ്റപ്പെടുത്തിയിരുന്നു. ധോണിക്ക് യുവരാജ് സിങ്ങിനോട് അസൂയയാണെന്നും യോഗ്‌രാജ് സിങ് ആരോപിച്ചിരുന്നു. ‘‘എല്ലാവർക്കും യുവരാജ് സിങ്ങിനെപ്പോലൊരു മകൻ ഉണ്ടാകണം. യുവരാജിനെപ്പോലൊരു താരം ഇനിയുണ്ടാകില്ലെന്ന് ഗൗതം ഗംഭീറും സേവാഗും മുൻപ് പറഞ്ഞിട്ടുള്ളതാണ്. കാൻസറിനോടു പൊരുതിയശേഷം, രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുത്ത താരത്തിന് ഭാരത് രത്‍ന നൽകണം.’’– യോഗ്‍‌രാജ് സിങ് ആവശ്യപ്പെട്ടു. 2011 ലെ ലോകകപ്പിൽ 362 റൺസും 15 വിക്കറ്റുകളും നേടിയ യുവരാജ് സിങ് ടൂര്‍ണമെന്റിലെ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു.

English Summary:

Yuvraj Singh's father Yograj criticizes MS Dhoni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com