അഭിഷേകിന് അർധ സെഞ്ചറി, കാലിക്കറ്റിനെ തകർത്ത് ഏരീസ് കൊല്ലം സെയ്‍ലേഴ്സ്; എട്ട് വിക്കറ്റ് വിജയം
Mail This Article
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‍ലേഴ്സിനു വിജയത്തുടക്കം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ എട്ട് വിക്കറ്റ് വിജയമാണ് കൊല്ലം നേടിയത്. 105 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊല്ലം സെയ്‍ലേഴ്സ് 16.4 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു. കൊല്ലത്തിനായി അഭിഷേക് നായർ അർധ സെഞ്ചറി തികച്ചു.
ടോസ് ജയിച്ച കൊല്ലം ക്യാപ്റ്റൻ സച്ചിൻ ബേബി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. സ്കോർ കണ്ടെത്താൻ ബുദ്ധിമുട്ടിയ കാലിക്കറ്റ് 20 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 104 റൺസ്. ഓപ്പണർ അരുൺ കെ.എയാണ് കാലിക്കറ്റിന്റെ ടോപ് സ്കോറർ. 37 പന്തുകൾ നേരിട്ട അരുൺ 38 റൺസെടുത്തു പുറത്തായി.
സൽമാൻ നിസാർ (27 പന്തിൽ 18), അഭിജിത് പ്രവീൺ (16 പന്തിൽ 20) എന്നിവരും രണ്ടക്കം കടന്നു. ക്യാപ്റ്റൻ രോഹന്‍ എസ്. കുന്നുമ്മൽ ആറു റൺസ് മാത്രമെടുത്തു പുറത്തായത് കാലിക്കറ്റിനു നിരാശയായി. കൊല്ലത്തിനു വേണ്ടി കെ.എം. ആസിഫ് മൂന്നു വിക്കറ്റുകളും ബേസിൽ എൻ.പി, സച്ചിൻ ബേബി എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ അഭിഷേക് നായർ അർധ സെഞ്ചറി നേടിയതോടെ കൊല്ലം വിജയമുറപ്പിച്ചു. നാലു സിക്സുകളും മൂന്നു ഫോറുകളും അടക്കം 61 റൺസാണ് അഭിഷേക് അടിച്ചെടുത്തത്. ക്യാപ്റ്റൻ സച്ചിൻ ബേബി 22 പന്തിൽ 19 റൺസെടുത്തു പുറത്തായി. എന്നാൽ വത്സൽ ഗോവിന്ദിനെ (23 പന്തിൽ 16) കൂട്ടുപിടിച്ച് അഭിഷേക് നായർ കൊല്ലത്തെ വിജയത്തിലെത്തിക്കുകയായിരുന്നു.