അബ്ദുൽ ബാസിത്തിന്റെ പോരാട്ടവും ആലപ്പിയെ തടഞ്ഞില്ല, ട്രിവാൻഡ്രം റോയൽസിനെ തകർത്ത് രണ്ടാം വിജയം
Mail This Article
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് തുടർച്ചയായ രണ്ടാം വിജയം. ട്രിവാന്‍ഡ്രം റോയൽസിനെതിരെ 33 റൺസ് വിജയമാണ് ആലപ്പി റിപ്പിൾസ് സ്വന്തമാക്കിയത്. ആലപ്പി ഉയർത്തിയ 146 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ട്രിവാൻഡ്രം റോയൽസ് 112 റൺസെടുത്തു പുറത്തായി. ആലപ്പിക്കായി ഫാസിൽ ഫനൂസ്, ആനന്ദ് ജോസഫ് എന്നിവർ നാലു വിക്കറ്റുകൾ വീതം വീഴ്ത്തി. 31 പന്തിൽ 45 റൺസെടുത്ത ക്യാപ്റ്റൻ അബ്ദുൽ ബാസിത്താണ് റോയൽസിന്റെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ തന്നെ ട്രിവാൻഡ്രം റോയൽസിന്റെ വിഷ്ണു രാജ്, രോഹൻ പ്രേം എന്നിവരെ പുറത്താക്കി ഫാസിൽ ഫനൂസ് തുടങ്ങിയ ആക്രമണമാണ് ആലപ്പിയുടെ വിജയത്തിനു വഴിയൊരുക്കിയത്. അമീർ ഷാ (ആറു പന്തിൽ നാല്), ജോഫിൻ ജോസ് (പൂജ്യം) എന്നിവരും അതിവേഗം പുറത്തായതോടെ ട്രിവാൻഡ്രം പ്രതിരോധത്തിലായി. ആനന്ദ് ജോസഫിനായിരുന്നു ഇവരുടെ വിക്കറ്റുകൾ. 3.5 ഓവറിൽ 14 റൺസിന് നാല് എന്ന നിലയിലേക്ക് വീണ റോയൽസിനെ ക്യാപ്റ്റൻ അബ്ദുൽ ബാസിത്ത് (31 പന്തിൽ 45), ഗോവിന്ദ് പൈ (15 പന്തിൽ 13), അഖിൽ എം.എസ് (36 പന്തിൽ 38) എന്നിവരുടെ ഇന്നിങ്സുകളാണ് കരകയറ്റിയത്.
മൂവരും പുറത്തായതോടെ തിരുവനന്തപുരത്തിന്റെ പോരാട്ടം 18.1 ഓവറിൽ 112 റൺസിൽ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി റിപ്പിൾസ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 145 റണ്‍സെടുത്തത്. ഓപ്പണർമാരായ കൃഷ്ണപ്രസാദും (23 പന്തിൽ 23), ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും (19 പന്തിൽ 28) മികച്ച തുടക്കമാണ് ആലപ്പിക്കു നൽകിയത്. സ്കോർ 51 ൽ നിൽക്കെ അസ്ഹറുദ്ദീനും 63 ൽ കൃഷ്ണപ്രസാദും പുറത്തായി.
എന്നാൽ പിന്നാലെയെത്തിയ വിനൂപ് മനോഹരനും പിടിച്ചുനിന്നു. 18 പന്തിൽ 20 റൺസെടുത്താണ് വിനൂപ് മടങ്ങിയത്. അക്ഷയ് ശിവ് ഒരു റൺ മാത്രമെടുത്തു പുറത്തായി. റണ്ണൊഴുക്കിനു വേഗം കുറഞ്ഞ പിച്ചിൽ സുരക്ഷിതമായ സ്കോറിലേക്ക് ആലപ്പിയെ എത്തിക്കാൻ ബാറ്റർമാർക്കു സാധിച്ചു. നീൽ സണ്ണി (24 പന്തിൽ 21), അക്ഷയ് ടി.കെ (10 പന്തിൽ 17), അക്ഷയ് ചന്ദ്രൻ (12 പന്തിൽ 15) എന്നിവരും റോയൽസിന്റെ ബോളിങ് ആക്രമണത്തെ ചെറുത്തുനിന്നു.