ADVERTISEMENT

റാവൽപിണ്ടി∙ ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും ദയനീയമായി തോറ്റതിനു പിന്നാലെ, ശരിയായ വഴിയിലൂടെയാണ് പാക്കിസ്ഥാന്‍ പോകുന്നതെന്ന പ്രതികരണവുമായി ക്യാപ്റ്റൻ ഷാൻ മസൂദ്. ‘‘നിങ്ങൾ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുക, അപ്പോഴൊക്കെ തിരിച്ചുവരവും സാധ്യമാണ്. തെറ്റുകളിൽനിന്ന് പാഠം പഠിച്ച് അതു തിരുത്തുക. ആളുകൾക്ക് അവസരങ്ങൾ നൽകുക. പാക്കിസ്ഥാൻ ശരിയായ ദിശയിലാണു മുന്നോട്ടുപോകുന്നതെന്നാണ് എനിക്കു തോന്നുന്നത്.’’– രണ്ടാം ടെസ്റ്റിലെ തോൽവിക്കു പിന്നാലെ ഷാൻ മസൂദ് പ്രതികരിച്ചു.

‘‘ടീം സിലക്ഷന്റെ കാര്യത്തിൽ പാക്കിസ്ഥാനു പിഴവു പറ്റിയിട്ടില്ല. ഖുറം, മുഹമ്മദ് അലി, മിർ ഹംസ എന്നിവര്‍ക്കെല്ലാം ഈ ടെസ്റ്റിൽ അവസരം ലഭിച്ചു. ഷഹീൻ അഫ്രീദിയും നസീം ഷായും ഉടൻ തന്നെ ടീമിലേക്കു തിരിച്ചെത്തും. മൂന്നു ഫോർമാറ്റുകളിലും കളിക്കുന്ന പാക്ക് താരങ്ങളാണ് അവർ. ഷഹീൻ ഒരു വർഷത്തിലേറെയായി തുടർച്ചയായി ടീമിലുണ്ട്. എല്ലാ മത്സരങ്ങൾക്കും അദ്ദേഹത്തെ ഇറക്കാൻ സാധിക്കില്ല.’’– ഷാൻ മസൂദ് പ്രതികരിച്ചു.

ആദ്യ ടെസ്റ്റ് തോറ്റതോടെ ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവരെ പാക്കിസ്ഥാൻ പ്ലേയിങ് ഇലവനിൽനിന്ന് മാറ്റിയിരുന്നു. മിർ ഹംസ, മുഹമ്മദ് അലി, ഖുറം ഷഹ്സാദ് എന്നിവരടങ്ങിയ ബോളിങ് നിര രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തിളങ്ങിയെങ്കിലും രണ്ടാം ഇന്നിങ്സിൽ നിറം മങ്ങിയിരുന്നു. രണ്ടാം ടെസ്റ്റും വിജയിച്ച ബംഗ്ലദേശ്, പരമ്പര 2–0ന് സ്വന്തമാക്കിയിരുന്നു. പാക്കിസ്ഥാനെതിരെ ബംഗ്ലദേശിന്റെ ആദ്യ ടെസ്റ്റ് പരമ്പര വിജയമായിരുന്നു ഇത്.

English Summary:

We are heading in right direction: Pakistan captain Shan Masood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com