തകർത്തടിച്ച് വിഷ്ണു വിനോദ് (19 പന്തിൽ 47*); തുടർതോൽവികൾക്കു ശേഷം തൃശൂർ ടൈറ്റൻസ് വിജയവഴിയിൽ
Mail This Article
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഈ സീസണിൽ ഇതുവരെ വിജയമറിയാത്തവരുടെ ഗണത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ‘ഒറ്റയ്‌ക്കാക്കി’ തൃശൂർ ടൈറ്റൻസിന് ആദ്യ ജയം. തൃശൂർ ടൈറ്റൻസ് സമ്പൂർണ മേധാവിത്തം പുലർത്തിയ മത്സരത്തിൽ, ട്രിവാൻഡ്രം റോയൽസാണ് തോൽവി രുചിച്ചത്. എട്ടു വിക്കറ്റിനാണ് തൃശൂർ ടൈറ്റൻസിന്റെ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ട്രിവാൻഡ്രം റോയൽസ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 127 റൺസ്. 42 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ടൈറ്റൻസ് അനായാസം വിജയത്തിലെത്തി.
തകർത്തടിച്ച് പുറത്താകാതെ നിന്ന വിഷ്ണു വിനോദിന്റെ ഇന്നിങ്സാണ് ടൈറ്റൻസിന്റെ വിജയം എളുപ്പമാക്കിയത്. വിഷ്ണു വെറും 19 പന്തിൽനിന്ന് ഒരു ഫോറും ആറു സിക്സും സഹിതം 47 റൺസുമായി പുറത്താകാതെ നിന്നു. തകർപ്പനൊരു സിക്സറിലൂടെയാണ് വിഷ്ണു തൃശൂരിനായി വിജയം കുറിച്ചത്. അഭിഷേക് പ്രതാപ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
ഓപ്പണർമാരായ ആനന്ദ് സാഗർ (41), ക്യാപ്റ്റൻ വരുൺ നായനാർ (30) എന്നിവരാണ് ടൈറ്റൻസ് നിരയിൽ പുറത്തായത്. ആനന്ദ് 23 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതമാണ് 41 റൺസെടുത്തത്. വരുണാകട്ടെ, 37 പന്തിൽ മൂന്നു ഫോറുകൾ സഹിതം 30 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ വരുൺ – ആനന്ദ് സഖ്യവും (42 പന്തിൽ 65), രണ്ടാം വിക്കറ്റിൽ വരുൺ – വിഷ്ണു സഖ്യവും (34 പന്തിൽ 57 റൺസ്) അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തതോടെ ടൈറ്റൻസ് വിജയത്തിലെത്തി. ട്രിവാൻഡ്രം റോയൽസിനായി ശ്രീഹരി നായർ, എം.എസ്. അഖിൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, എം.എസ്. അഖിലിന്റെ ഭേദപ്പെട്ട പ്രകടനമാണ് ട്രിവാൻഡ്രം റോയൽസിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. അഖിൽ 29 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 36 റൺസുമായി പുറത്താകാതെ നിന്നു. വിനോദ് കുമാർ 13 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 19 റൺസുമായി പുറത്താകാെത നിന്നു. ഓപ്പണർമാരായ റിയ ബഷീർ (17 പന്തിൽ 16), വിഷ്ണു രാജ് (11 പന്തിൽ 12), ഗോവിന്ദ് പൈ (19 പന്തിൽ 15), ക്യാപ്റ്റൻ അബ്ദുൽ ബാസിത് (11 പന്തിൽ 12), എസ്.എസ്.ഷാരോൺ (ആറു പന്തിൽ 11) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
തൃശൂർ ടൈറ്റൻസിനായി പി.മിഥുൻ നാല് ഓവറിൽ 17 റൺസ് വഴങ്ങിയും അഹമ്മദ് ഇമ്രാൻ നാല് ഓവറിൽ 24 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. എം.ഡി. നിധീഷ്, ഗോകുൽ ഗോപിനാഥ്, മുഹമ്മദ് ഇഷാഖ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.