ആദ്യ 4 ഓവറും മെയ്ഡനാക്കി റാണയ്ക്ക് 2 വിക്കറ്റ്; ഗെയ്ക്വാദ് പുറത്തായി മടങ്ങുമ്പോൾ ഫ്ലൈയിങ് കിസ്സും – വിഡിയോ
Mail This Article
അനന്തപുർ∙ ദുലീപ് ട്രോഫിയിൽ ഇന്ത്യ സിയ്ക്കെതിരെ തകർപ്പൻ ബോളിങ് പ്രകടനവുമായി ഐപിഎലിലൂടെ ശ്രദ്ധേയനായ യുവതാരം ഹർഷിത് റാണ. ഋതുരാജ് ഗെയ്‌ക്‌വാദ് നയിക്കുന്ന ഇന്ത്യ സിയ്‌ക്കെതിരെ ആദ്യ നാല് ഓവറും മെയ്ഡനാക്കി ഹർഷിത് റാണ വീഴ്ത്തിയത് 2 വിക്കറ്റ്. ഐപിഎലിൽ വിവാദമായി മാറിയ ഫ്ലൈയിങ് കിസ് സെലബ്രേഷൻ, ഇത്തവണ ഇന്ത്യ സി നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിനെ പുറത്താക്കി റാണ ആവർത്തിക്കുകയും ചെയ്തു. ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡി ഒന്നാം ഇന്നിങ്സിൽ 48.3 ഓവറിൽ 164 റൺസിന് പുറത്തായിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ സിയ്‌ക്കായി ബാറ്റിങ് ആരംഭിച്ചത് ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ്, കൗണ്ടി ക്രിക്കറ്റിൽ സെഞ്ചറി നേടിയ തിളക്കത്തിലെത്തിയ സായ് സുദർശൻ എന്നിവർ. ഇന്ത്യ ഡിയ്ക്കായി ബോളിങ് ആരംഭിച്ച ഹർഷിത് റാണ പക്ഷേ ഞെട്ടിച്ചു. ആദ്യം ബോൾ ചെയ്ത നാല് ഓവറുകളിൽ ഒരു റണ്ണുപോലും വിട്ടുകൊടുത്തില്ലെന്നു മാത്രമല്ല, രണ്ടു വിക്കറ്റും സ്വന്തമാക്കി.
അഞ്ചാം ഓവറിൽ സായ് സുദർശനെ വിക്കറ്റ് കീപ്പർ കെ.എസ്. ഭരതിന്റെ കൈകളിലെത്തിച്ചാണ് റാണ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. 16 പന്തിൽ ഒരു ഫോർ സഹിതം ഏഴു റൺസെടുത്താണ് സായ് സുദർശൻ മടങ്ങിയത്. അടുത്ത വരവിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനെയും റാണ പുറത്താക്കി. 19 പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസെടുത്താണ് ഗെയ്ക്‌വാദ് കൂടാരം കയറിയത്. ഇതുൾപ്പെടെ നാല് ഓവറുകളാണ് ഒരു റൺ പോലും വിട്ടുകൊടുത്തുമില്ല. ഋതുരാജ് പുറത്തായി മടങ്ങുമ്പോൾ റാണ ഫ്ലൈയിങ് കിസ് നൽകി യാത്രയാക്കിയത് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്ക് വഴിവച്ചു.
ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്ന ഇന്ത്യ സി 24 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 69 റൺസ് എന്ന നിലയിലാണ്. ആര്യൻ ജുയൽ, രജത് പാട്ടിദാർ എന്നിവരെ പുറത്താക്കി അക്ഷർ പട്ടേലാണ് ഇന്ത്യ സിയ്ക്ക് വീണ്ടും ആഘാതമേൽപ്പിച്ചത്. ജുയൽ 35 പന്തിൽ ഒരു ഫോർ സഹിതം 12 റൺസെടുത്തും, പാട്ടിദാർ 30 പന്തിൽ രണ്ടു ഫോറുകളോടെ 13 റൺസെടുത്തും പുറത്തായി.