ADVERTISEMENT

എഡിൻബറോ∙ രാജ്യാന്തര ട്വന്റി20യിൽ പവർപ്ലേയിൽ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡുമായി ക്രിക്കറ്റിലെ കുഞ്ഞൻമാരായ സ്കോട്‌ലൻ‍ഡിനെ ചാരമാക്കി ഓസ്ട്രേലിയ. ആറ് ഓവറിൽ 113 റൺസ് അടിച്ചുകൂട്ടിയാണ്, രാജ്യാന്തര ക്രിക്കറ്റിലും പവർപ്ലേ ഓവറുകളിലെ ബാറ്റിങ് വിസ്ഫോടനത്തിന് ഓസീസ് പുതിയ മാനം നൽകിയത്. ഓസീസിന്റെ ബാറ്റിങ് ആറാട്ടിന് നേതൃത്വം നൽകിയ ഓപ്പണർ ട്രാവിസ് ഹെഡും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. ആദ്യ ആറ് ഓവറിൽ 22 പന്തിൽനിന്ന് 73 റൺസടിച്ച ഹെഡ്, പവർപ്ലേയിൽ ഒരു താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.

17 പന്തിൽ അർധസെഞ്ചറി പൂർത്തിയാക്കിയ ഹെഡ്, രാജ്യാന്തര ട്വന്റി20യിൽ ഒരു ഓസീസ് താരത്തിന്റെ വേഗമേറിയ അർധസെഞ്ചറി എന്ന റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു.

ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സ്കോട്‌ലൻഡ് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 154 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് മൂന്നാം പന്തിൽത്തന്നെ രാജ്യാന്തര അരങ്ങേറ്റത്തിന് ഇറങ്ങിയ ഓപ്പണർ ജേക് ഫ്രേസർ മക്ഗൂർക്കിനെ നഷ്ടമായെങ്കിലും, ട്രാവിസ് ഹെഡും ക്യാപ്റ്റൻ മിച്ചൽ മാർഷും ജോഷ് ഇംഗ്‌സിലും ചേർന്ന് അനായാസ വിജയം സമ്മാനിച്ചു. 62 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കിയാണ് ഓസീസ് വിജയലക്ഷ്യം മറികടന്നത്.

ട്രാവിസ് ഹെഡ് 25 പന്തിൽ 12 ഫോറും അഞ്ച് സിക്സറും സഹിതം 80 റൺസെടുത്ത് പുറത്തായി. മിച്ചൽ മാർഷ് 12 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 39 റൺസെടുത്തും മടങ്ങി. ഇംഗ്‌ലിസ് 13 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 27 റൺസോടെയും, മാർക്കസ് സ്റ്റോയ്നിസ് അഞ്ച് പന്തിൽ ഒരു സിക്സിന്റെ അകമ്പടിയോടെ എട്ടു റൺസെടുത്തും പുറത്താകാതെ നിന്നു.

സ്കോട്‍ലൻഡിനായി മാർക്ക് വാട്ട് രണ്ട് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി, ബ്രാണ്ടൻ മക്മുല്ലൻ രണ്ട് ഓവറിൽ 25 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.

16 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 28 റൺസെടുത്ത ഓപ്പണർ ജോർജ് മുൻസെയാണ് സ്കോട്‍ലൻഡിന്റെ ടോപ് സ്കോറർ. ബ്രാണ്ടൻ മക്മുല്ലൻ (15 പന്തിൽ 19), ക്യാപ്റ്റൻ ബെറിങ്ടൻ (20 പന്തിൽ 23), മാത്യു ക്രോസ് (21 പന്തിൽ 27), മാർക്ക് വാട്ട് (13 പന്തിൽ 16), ജാക്ക് ജാർവിസ് (എട്ടു പന്തിൽ 10) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഓസീസിനായി ഷോൺ ആബട്ട് നാല് ഓവറിൽ 39 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. സേവ്യർ ബാർട്‌ലെറ്റ് നാല് ഓവറിൽ 23 റൺസ് വഴങ്ങിയും, ആദം സാംപ നാല് ഓവറിൽ 33 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. 

∙ പവർപ്ലേയിലെ ഉയർന്ന വ്യക്തിഗത സ്കോറുകൾ (രാജ്യാന്തര ട്വന്റി20, സമ്പൂർണ അംഗരാജ്യങ്ങൾ മാത്രം)

73(22) – ട്രാവിസ് ഹെഡ് സ്കോട്‍ലൻഡിനെതിരെ, എഡിൻബറോ, 2024

67(25) – പോൾ സ്റ്റെർലിങ് വെസ്റ്റിൻഡീസിനെതിരെ, സെന്റ് ജോർജിൽ, 2020

66(23) – കോളിൻ മൺറോ വെസ്റ്റിൻഡീസിനെതിരെ, മൗണ്ട് മൗംഗനൂയി, 2018

64(24) – ക്വിന്റൻ ഡികോക്ക് വെസ്റ്റിൻഡീസിനെതിരെ, സെഞ്ചൂറിയനിൽ, 2023

∙ രാജ്യാന്തര ട്വന്റി20യിൽ പവർപ്ലേയിലെ ഉയർന്ന സ്കോറുകൾ (സമ്പൂർണ അംഗത്വമുള്ള ഒരു രാജ്യമെങ്കിലും കളിച്ച മത്സരങ്ങൾ മാത്രം)

113/1 – ഓസ്ട്രേലിയ സ്കോട്‌ലൻഡിനെതിരെ, എഡിൻബറോ, 2024

102/0 – ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡീസിനെതിരെ, സെഞ്ചൂറിയനിൽ, 2023

98/4 – വെസ്റ്റിൻഡീസ് ശ്രീലങ്കയ്‌ക്കെതിരെ, കൂളിഡ്ജ്, 2021

93/0  – അയർലൻഡ് വെസ്റ്റിൻഡീസിനെതിരെ, സെന്റ് ജോർജിൽ, 2020

92/1 – വെസ്റ്റിൻഡീസ് അഫ്ഗാനിസ്ഥാനെതിരെ, ഗ്രോസ് ഐസ്‌ലെറ്റ്, 2024

English Summary:

Australia Script World Record For Most Runs In A T20I Powerplay During SCO vs AUS Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com