ഗില്ലിനും പന്തിനും വിശ്രമം, ബുമ്രയും കളിച്ചേക്കില്ല; ബംഗ്ലദേശിനെതിരെ സഞ്ജു വിക്കറ്റ് കീപ്പറാകും
Mail This Article
മുംബൈ∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ വൈസ് ക്യാപ്റ്റന്‍ ശുഭ്മൻ ഗിൽ കളിച്ചേക്കില്ല. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം താരത്തിന് ബിസിസിഐ വിശ്രമം അനുവദിച്ചേക്കും. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പര പൂർത്തിയായി, നാലു ദിവസത്തിനു ശേഷം ടീം ഇന്ത്യയ്ക്ക് ന്യൂസീലൻഡിനെതിരെ ടെസ്റ്റ് മത്സരം കളിക്കേണ്ടതുണ്ട്. കിവീസിനെതിരായ പരമ്പരയ്ക്കു ശേഷം ഇന്ത്യൻ താരങ്ങൾ ബോർഡർ ഗാവസ്കർ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്കു പറക്കും. ഈ സാഹചര്യത്തിലാണ് ഗില്ലിനെ ട്വന്റി20യിൽ പുറത്തിരുത്താൻ ബിസിസിഐ ആലോചിക്കുന്നത്.
ഗില്ലിന്റെ അഭാവത്തിൽ യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്‌വാദുമായിരിക്കും ബംഗ്ലദേശിനെതിരെ ഇന്ത്യയുടെ ഓപ്പണർമാർ. സിംബാബ്‍വെയ്ക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ച യുവതാരം അഭിഷേക് ശര്‍മയും ട്വന്റി20 ടീമിലേക്കു മടങ്ങിയെത്തിയേക്കും. ക്യാപ്റ്റൻ സൂര്യകുമാർ യാദവിനൊപ്പം റിങ്കു സിങ് മധ്യനിരയിൽ കളിക്കും. ടെസ്റ്റ് മത്സരങ്ങളുടെ തിരക്കിലായതിനാൽ ഋഷഭ് പന്തും ട്വന്റി20 പരമ്പര കളിച്ചേക്കില്ല. സഞ്ജു സാംസണായിരിക്കും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ.
ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിയാൻ പരാഗ്, വാഷിങ്ടൻ സുന്ദർ എന്നിവരും ട്വന്റി20 ടീമിൽ കളിച്ചേക്കും. അതേസമയം അക്ഷർ പട്ടേലിന് വിശ്രമം അനുവദിക്കും. ട്വന്റി20 ലോകകപ്പിനു ശേഷം വിശ്രമത്തിലുള്ള പേസർ ജസ്പ്രീത് ബുമ്ര ശ്രീലങ്കയ്ക്കെതിരെയും കളിക്കില്ല. ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, അർഷ്ദീപ് സിങ് എന്നിവരായിരിക്കും 15 അംഗ ടീമിലെ പേസർമാര്‍. ഇവരിൽ ആർക്കെങ്കിലും വിശ്രമം അനുവദിച്ചാൽ ആവേശ് ഖാനാണ് അടുത്ത അവസരം. സ്പിന്നർ യുസ്‍വേന്ദ്ര ചെഹൽ ടീമിൽ മടങ്ങിയെത്തും. മൂന്ന് മത്സരങ്ങളാണ് ട്വന്റി20 പരമ്പരയിലുള്ളത്.
ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം– ഋതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജയ്സ്വാൾ, അഭിഷേക് ശര്‍മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിങ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, വാഷിങ്ടന്‍ സുന്ദർ, റിയാൻ പരാഗ്, സഞ്ജു സാംസൺ, രവി ബിഷ്ണോയി, യുസ്‌വേന്ദ്ര ചെഹൽ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, അർഷ്ദീപ് സിങ്.