ADVERTISEMENT

ലക്നൗ∙ ഉത്തർപ്രദേശ് ട്വന്റി20 ലീഗിൽ മീററ്റ് മാവെറിക്സിന്റെ ആധിപത്യം തുടരുകയാണ്. പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള മീററ്റ്, കാൻപൂര്‍ സൂപ്പർസ്റ്റാര്‍സിനെതിരെ ഡിഎൽഎസ് മെത്തേഡ് പ്രകാരം 22 റൺസ് വിജയമാണു അവസാന മത്സരത്തിൽ നേടിയത്. ആദ്യം ബാറ്റു ചെയ്ത മീററ്റ് മാവെറിക്സ് ഒൻപത് ഓവറില്‍ 90 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ കാൻപൂര്‍ 83 റൺസിനു പുറത്തായി. 26 പന്തിൽ 52 റൺസെടുത്ത മീററ്റ് ബാറ്റർ മാധവ് കൗശിക്കാണ് കളിയിലെ താരം.

കാന്‍പൂരിന്റെ മറുപടി ബാറ്റിങ്ങിനിടെ മീററ്റ് ക്യാപ്റ്റൻ റിങ്കു സിങ്ങിന്റെ ബോളിങ് പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. ഒരോവര്‍ മാത്രം പന്തെറി‍ഞ്ഞ റിങ്കു സിങ് ഏഴു റൺസ് വഴങ്ങി വീഴ്ത്തിയത് മൂന്നു വിക്കറ്റുകൾ. ശൗര്യ സിങ് (മൂന്ന് പന്തിൽ അഞ്ച്), ആദർശ് സിങ് (പൂജ്യം), സുധാൻഷു സോംഗർ (പൂജ്യം) എന്നിവരാണ് റിങ്കു എറിഞ്ഞ ആറാം ഓവറിൽ പുറത്തായി മടങ്ങിയത്. ആറു റൺസെടുത്ത ശുഐബ് സിദ്ദീഖിയെ റൺഔട്ടാക്കിയതും റിങ്കു സിങ്ങാണ്. 

റിങ്കുവിനു പുറമേ സീഷൻ അൻസാരി മീററ്റിനായി മൂന്നു വിക്കറ്റുകളും യാഷ് ഗാർഗ് രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. ഏഴു മത്സരങ്ങൾ പൂർത്തിയാക്കിയ മീററ്റ് ആറും ജയിച്ച് 12 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. മധ്യനിര ബാറ്ററായി തിളങ്ങുന്ന റിങ്കു, ആദ്യമായല്ല ബോളറുടെ റോളിൽ ഇറങ്ങുന്നത്. ഇന്ത്യയ്ക്കായി രണ്ട് ഏകദിന മത്സരങ്ങളും 23 ട്വന്റി20യും കളിച്ചിട്ടുള്ള റിങ്കു രാജ്യാന്തര തലത്തിലും പന്തെറിഞ്ഞിട്ടുണ്ട്.

ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരെ ട്വന്റി20യിൽ ഒരോവർ പന്തെറിഞ്ഞ റിങ്കു രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയിലും ഒരോവർ പന്തെറിഞ്ഞ് ഒരു വിക്കറ്റു വീഴ്ത്തി. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി 46 മത്സരങ്ങളിൽ ഇറങ്ങിയിട്ടുള്ള റിങ്കു ഇതുവരെ പന്തെറിഞ്ഞിട്ടില്ല.

English Summary:

1 over, 3 wickets: bowler Rinku Singh sends clear signal with brave show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com