ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യയ്ക്ക് 68–ാം ദിവസം അഭിനന്ദനം; മുൻ പാക്ക് ക്യാപ്റ്റന് ട്രോൾ, പോസ്റ്റ് പിൻവലിച്ചു
Mail This Article
ഇസ്‍ലാമാബാദ്∙ 2024 ജൂൺ 29ന് ട്വന്റി20 ലോകകപ്പ് ജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന്, 68 ദിവസങ്ങൾക്കു ശേഷം സെപ്റ്റംബർ നാലിനു രാത്രി അഭിനന്ദന സന്ദേശം പങ്കുവച്ച് പാക്ക് ക്രിക്കറ്റ് താരം. പാക്കിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ നിദ ദറാണ്, സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി കുറിപ്പ് പങ്കുവച്ചത്. രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരമിച്ച ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി എന്നിവർക്കുള്ള നന്ദിയും അഭിനന്ദന സന്ദേശത്തിനൊപ്പമുണ്ട്.
‘‘2024ലെ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ലോക ക്രിക്കറ്റിനു നൽകിയ അതുല്യമായ സംഭാവനകൾക്ക് വിരാട് കോലിക്കും രോഹിത് ശർമയ്ക്കും പ്രത്യേക നന്ദി. നിങ്ങളുടെ നേതൃശേഷിയും കഴിവുകളും സമർപ്പണവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് ആളുകളെയാണ് പ്രചോദിപ്പിച്ചത്. നല്ലൊരു വിരമിക്കൽ ജീവിതം ആശംസിക്കുന്നു’ – ഇതായിരുന്നു നിദയുടെ പോസ്റ്റ്.
കോലിയും രോഹിത്തും ഇന്ത്യൻ പതാക പുതച്ച് ലോകകപ്പുമായി നിൽക്കുന്ന ചിത്രവും, പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡ് ഇന്ത്യൻ പതാക പുതച്ചു നിൽക്കുന്ന ചിത്രവും ഇതിനൊപ്പം പങ്കുവയ്ക്കുകയും ചെയ്തു.
സംഭവം വൈറലാകുകയും ആരാധകർ പരിഹസിച്ച് രംഗത്തെത്തുകയും ചെയ്തതോടെ നിദ ദർ പോസ്റ്റ് പിൻവലിച്ചു. അതേസമയം, ഈ സമയത്ത് എന്തുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടതെന്ന് വ്യക്തമല്ല.