ആറു പന്തിൽ ജയിക്കാൻ 11 റൺസ്, ഇമ്രാനെ വീഴ്ത്തി സൽമാൻ നിസാറിന്റെ ക്യാച്ച്; കാലിക്കറ്റിന് വിജയം
Mail This Article
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ശനിയാഴ്ചത്തെ രണ്ടാം മത്സരത്തിൽ തൃശൂർ ടൈറ്റൻസിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് ആറു റൺസ് വിജയം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 184 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന തൃശൂർ ടൈറ്റൻസ് 20 ഓവറിൽ 177 റൺസെടുത്തു പുറത്തായി. ത്രില്ലർ പോരാട്ടത്തിനൊടുവിലാണ് തൃശൂർ തോൽവി സമ്മതിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. 39 പന്തില്‍ 59 റണ്‍സെടുത്ത കാലിക്കറ്റിന്റെ എം. അജിനാസാണു കളിയിലെ താരം. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന് സ്‌കോര്‍ ബോര്‍ഡ് തുറക്കും മുൻപേ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. മൂന്നു പന്ത് നേരിട്ട സഞ്ജയ് രാജിനെ മോനു കൃഷ്ണന്റെ പന്തില്‍ ഗോകുല്‍ ഗോപിനാഥ് ക്യാച്ചെടുത്തു പുറത്താക്കി. അജിനാസിന്റെ തകർപ്പന്‍ ബാറ്റിങ്ങാണ് കാലിക്കറ്റിന്റെ സ്കോർ ഉയർത്തിയത്.
39 പന്തില്‍ നിന്ന് അഞ്ചു സിക്‌സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ 59 റണ്‍സാണ് അജിനാസ് അടിച്ചെടുത്തത്. 10 പന്തില്‍ മൂന്നു സിക്‌സും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടെ 33 റണ്‍സെടുത്ത് പള്ളം അന്‍ഫലും തിളങ്ങി. സൽമാൻ നിസാര്‍ 37 പന്തില്‍ 45 റണ്‍സ് നേടി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സിന്റെ ഓപ്പണര്‍ ആനന്ദ് സാഗര്‍ ടീം സ്‌കോര്‍ 23ൽ നിൽക്കെ പുറത്തായി. തുടർച്ചയായി വിക്കറ്റുകൾ വീണത് തൃശൂരിനു തിരിച്ചടിയായി.
യുവതാരം ഇമ്രാന്‍ അഹമ്മദ് അർധ സെഞ്ചറി നേടിയതോടെ തൃശൂരിനു വിജയ പ്രതീക്ഷയുണ്ടായിരുന്നു. 35 പന്തില്‍ 53 റൺസാണു താരം നേടിയത്. അവസാന ഓവറില്‍ 11 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റ് ചെയ്ത ഇമ്രാനെ ആദ്യ പന്തില്‍ സല്‍മാന്‍ നിസാർ ക്യാച്ചെടുത്തു പുറത്താക്കി. അവസാന പന്തില്‍ തൃശൂരിന് ജയിക്കാന്‍ വേണ്ടത് ഏഴു റണ്‍സായിരുന്നു. അഖില്‍ ദേവിന്റെ പന്തില്‍ ഗോകുല്‍ ഗോപിനാഥ് ബോള്‍ഡ് ആയതോടെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് ആറു റണ്‍സ് ജയം.