പുറത്തായപ്പോൾ ബാറ്റുകൊണ്ട് രോഷപ്രകടനം, യാഷ് ദയാലിനെ തുറിച്ചുനോക്കി റിയാൻ പരാഗ്- വിഡിയോ
Mail This Article
ബെംഗളൂരു∙ ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ എ, ഇന്ത്യ ബി ടീമുകളുടെ ഏറ്റുമുട്ടലിനിടെ ഗ്രൗണ്ടിൽ റിയാൻ പരാഗ്– യാഷ് ദയാൽ പോര്. രണ്ടാം ഇന്നിങ്സിൽ യാഷ് ദയാലിന്റെ പന്തിലാണ് ഇന്ത്യ എ താരം റിയാൻ പരാഗ് പുറത്താകുന്നത്. രണ്ടാം ഇന്നിങ്സിൽ എട്ടാം ഓവറിലെ ആദ്യ പന്തു നേരിടുന്നതിനിടെ പരാഗിന്റെ ബാറ്റിൽ എഡ്ജായ ബോൾ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പിടിച്ചെടുക്കുകയായിരുന്നു. 18 പന്തിൽ 31 റൺസാണ് പരാഗ് നേടിയത്.
പുറത്തായി മടങ്ങുന്നതിനിടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന യാഷ് ദയാലിനെ തുറിച്ചുനോക്കിക്കൊണ്ടായിരുന്നു പരാഗ് ഗ്രൗണ്ട് വിട്ടത്. ഇതു രസിക്കാതിരുന്ന ദയാൽ തിരിച്ചും ഇതേ കാര്യം തന്നെ ചെയ്തു. നിർണായക ഘട്ടത്തിൽ വിക്കറ്റ് നഷ്ടമാക്കിയ പരാഗ് രോഷം കാരണം ബാറ്റ് പാഡിൽ അടിക്കുകയും ചെയ്തു. പരാഗിന്റെ പ്രതികരണം കണ്ട കമന്റേറ്റർമാരും അമ്പരന്നു. പരാഗിന് പരാതിയുണ്ടായിരുന്നെങ്കിൽ അംപയറുടെ തീരുമാനം റിവ്യൂ ചെയ്യാമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ പ്രതികരിച്ചു.
രണ്ടാം ഇന്നിങ്സിൽ 12 ഓവറുകൾ പന്തെറിഞ്ഞ യാഷ് ദയാൽ 50 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകളാണു വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ 64 പന്തുകൾ നേരിട്ട പരാഗ് 30 റണ്‍സ് അടിച്ചെടുത്തിരുന്നു. ആദ്യ ഇന്നിങ്സിലും യാഷ് ദയാലിന്റെ പന്തിലാണ് റിയാൻ പരാഗ് പുറത്താകുന്നത്. മത്സരത്തിന്റെ പരാഗിന്റെ ടീം തോൽക്കുകയും ചെയ്തു.
ഇന്ത്യ എയ്ക്കെതിരെ ഇന്ത്യ ബി ടീം 76 റൺസ് വിജയമാണു നേടിയത്. രണ്ടാം ഇന്നിങ്സിൽ 275 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ 198ന് പുറത്തായി. ആദ്യ ഇന്നിങ്സിൽ 181 റൺസെടുത്ത ഇന്ത്യ ബി താരം മുഷീർ ഖാനാണ് കളിയിലെ താരം. രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ചറി നേടിയ കെ.എൽ. രാഹുലും (121 പന്തിൽ 57), 42 പന്തിൽ 43 റൺസെടുത്ത ആകാശ് ദീപും തിളങ്ങിയെങ്കിലും ഇന്ത്യ എയ്ക്ക് 200 കടക്കാൻ പോലും സാധിച്ചില്ല.