‘ഇത് വിനോദ് കാംബ്ലി തന്നെയോ’ എന്ന് ആശങ്കപ്പെട്ടവർക്കായി പുതിയ വിഡിയോ; പങ്കുവച്ചത് സുഹൃത്തുക്കൾ– വിഡിയോ
Mail This Article
മുംബൈ∙ ഒറ്റയ്ക്കു നടക്കാനാകാതെ നിസഹായനായി നിൽക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ഏതാനും പേർ ചേർന്ന് താങ്ങിനടത്തുന്ന വിഡിയോ വൈറലായതിനു പിന്നാലെ, അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങൾ വെളിപ്പെടുത്തി സുഹൃത്തുക്കൾ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ്, കാംബ്ലി ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് സുഹൃത്തുകൾ വെളിപ്പെടുത്തിയത്. കാംബ്ലിക്കൊപ്പമുള്ള ഫോട്ടോയും, അദ്ദേഹവുമായി സംസാരിക്കുന്ന വിഡിയോയുമാണ് സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവച്ചത്.
ദൈവകൃപയാൽ സുഖമായിരിക്കുന്നുവെന്ന് കാംബ്ലി പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. താൻ ‘ഫിറ്റ് ആൻഡ് ഫൈൻ’ ആണെന്നും കാംബ്ലി വ്യക്തമാക്കുന്നുണ്ട്. സ്കൂളിൽ സഹപാഠികളായിരുന്ന റിക്കി കുട്ടോ, ഫസ്റ്റ് ക്ലിസ് ക്രിക്കറ്റ് അംപയർ കൂടിയായ മാർക്കസ് കുട്ടോ എന്നിവരാണ് കാംബ്ലിക്കൊപ്പമുള്ളത്.
‘ഞാൻ സുഖമായിരിക്കുന്നു’ – ക്യാമറയിൽ നോക്കി തംപ്സ് അപ്പ് കാണിച്ചുകൊണ്ട് വിനോദ് കാംബ്ലി പറയുന്നു. ദൈവത്തിന്റെ കൃപയാൽ സുഖമായിരിക്കുന്നു. ഇപ്പോഴും ഞാൻ ഫിറ്റാണ്. വേണമെങ്കിൽ ഇപ്പോഴും മൂന്നാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങാമെന്നും കാംബ്ലി തമാശരൂപേണ പറയുന്നുണ്ട്. ‘‘ശിവാജി പാർക്കിൽ കളിക്കുന്ന കാലത്തു ചെയ്തിരുന്നതുപോലെ സ്പിന്നർമാരെ ഗ്രൗണ്ടിനു പുറത്തേക്ക് പറത്തും’ – കാംബ്ലി പറയുന്നു.
നേരത്തെ, വിനോദ് കാംബ്ലിയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ വൻതോതിൽ ചർച്ചയായിരുന്നു. ഒറ്റയ്ക്കു നടക്കാനാകാതെ നിസഹായനായി നിൽക്കുന്ന വിനോദ് കാംബ്ലിയെ, ഏതാനും പേർ ചേർന്ന് താങ്ങിനടത്തുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുണ്ടായിരുന്നത്. വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചർച്ചകൾകൊണ്ട് സമൂഹമാധ്യമങ്ങൾ നിറഞ്ഞു.
‘‘അനാരോഗ്യത്തോട് പൊരുതുകയാണ് മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി. സമീപകാലത്ത് ആരോഗ്യപരമായും വ്യക്തിജീവിതത്തിലും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. വ്യത്യസ്തങ്ങളായ ആരോഗ്യ പ്രശ്നഃങ്ങളാൽ കാംബ്ലി അടുത്തിടെയായി പലതവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളും വിഷാദരോഗവും അതിലുണ്ട്. അദ്ദേഹം എത്രയും വേഗം സുഖപ്പെടുമെന്നും അതിന് ആവശ്യമായ പിന്തുണ അദ്ദേഹത്തിനു ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു’ – കാംബ്ലിയേടേത് എന്ന പേരിൽ വിഡിയോ പങ്കുവച്ച ഗുപ്ത എന്നയാൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.