ADVERTISEMENT

അനന്തപുർ∙ ദുലീപ് ട്രോഫി മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ പുറത്താക്കിയ ശേഷം ഫ്ലൈയിങ് കിസ് നൽകിയ ‘യാത്രയാക്കിയ’ ഇന്ത്യ ഡി ബോളർ ഹർഷിത് റാണയ്‍ക്കെതിരെ ഇന്ത്യ സി നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ പ്രതികാരം. ഒന്നാം ഇന്നിങ്സിലെ ഫ്ലൈയിങ് കിസ് സെലബ്രേഷന്റെ പശ്ചാത്തലത്തിൽ, രണ്ടാം ഇന്നിങ്സിൽ ബാറ്റുകൊണ്ടായിരുന്നു ഗെയ്ക്‌വാദിന്റെ മറുപടി. രണ്ടാം ഇന്നിങ്സിൽ ഹർഷിത് റാണയ്‍ക്കെതിരെ നേരിട്ട 13 പന്തിൽ ഗെയ്ക്‌വാദ് അടിച്ചുകൂട്ടിയത് നാലു ഫോറുകൾ സഹിതം 19 റൺസ്! ഇന്നിങ്സിലെ ആദ്യ രണ്ടു പന്തിൽ നേടിയ ബൗണ്ടറിയും ഇതിൽ ഉൾപ്പെടുന്നു.

ഒന്നാം ഇന്നിങ്സിന്റെ ആരംഭത്തിൽ ഇന്ത്യ സിയ്‌ക്കെതിരെ ആദ്യ നാല് ഓവറും മെയ്ഡനാക്കി ഹർഷിത് റാണ വീഴ്ത്തിയ 2 വിക്കറ്റുകളിൽ ഒന്ന് ഗെയ്ക്‌വാദിന്റേതായിരുന്നു. 19 പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസുമായി ഗെയ്ക്‌വാദ് പുറത്തായി മടങ്ങുമ്പോഴാണ്, ഹർഷിത് റാണ വിവാദ ഫ്ലൈയിങ് കിസ് സെലബ്രേഷൻ പുറത്തെടുത്തത്. ഐപിഎലിൽ സമാനമായ ആഘോഷത്തിന്റെ പേരിൽ വിമർശനവും നടപടിയും നേരിട്ട താരമാണ് റാണ.

രണ്ടാം ഇന്നിങ്സിലാണ് റാണയ്‌ക്കെതിരെ ഗെയ്ക്‌വാദ് ‘പ്രതികാരം’ ചെയ്തത്. രണ്ടാം ഇന്നിങ്സിൽ ഏകദിന ശൈലിയിൽ തകർത്തടിച്ച് 48 പന്തിൽ 46 റൺസ് നേടിയ ഗെയ്ക്‌വാദ്, റാണയെയും വെറുതെ വിട്ടില്ല. ഇന്ത്യ ഡിയ്ക്കായി ബോളിങ്ങിന് തുടക്കമിട്ട റാണയെ ഗെയ്ക്‌വാദ് വരവേറ്റത് ആദ്യ രണ്ടു പന്തുകളിൽ ബൗണ്ടറി കണ്ടെത്തിക്കൊണ്ട്. ഈ ഓവറിൽ ഗെയ്ക്‌വാദ് നേടിയത് 10 റൺസ്. പിന്നിട് നേരിട്ട ഏഴു പന്തുകളിൽനിന്ന് രണ്ടു ഫോറുകൾ സഹിതം 9 റൺസ് കൂടി നേടി. ഇതോടെ ഇന്ത്യ ഡി നായകൻ റാണയെ ബോളിങ്ങിൽനിന്ന് തൽക്കാലത്തേക്ക് പിൻവലിക്കുകയും ചെയ്തു. റാണയ്‌ക്കെതിരെ തകർപ്പൻ ഷോട്ടുകളിലൂടെ ഗെയ്ക്‌വാദ് ബൗണ്ടറി നേടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി.

റാണയെ നിർദ്ദയം ശിക്ഷിച്ചെന്നു മാത്രമല്ല, റാണയുടെ ടീമായ ഇന്ത്യ ഡിയെ ഗെയ്‌ക്‌വാദും സംഘവും മൂന്നാം ദിനം തന്നെ തോൽവിയിലേക്കു തള്ളിവിടുകയും ചെയ്തു. ഇടംകൈ സ്പിന്നർ മാനവ് സുതർ രണ്ടാം ഇന്നിങ്സിൽ ഏഴു വിക്കറ്റുമായി മിന്നിത്തിളങ്ങിയതോടെയാണ് ഗെയ്‌ക്‌വാദ് നയിക്കുന്ന ഇന്ത്യ സി അനായാസ വിജയം നേടിയത്. ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡിയെ, നാലു വിക്കറ്റിനാണ് ഗെയ്ക്‌വാദും സംഘവും തോൽപ്പിച്ചത്. 

രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിൽ മികച്ച സ്കോറിലേക്കു കുതിക്കുകയായിരുന്ന ഇന്ത്യ ബി ടീമിനെ തകർത്തത് രാജസ്ഥാൻ സ്വദേശി മാനവ് സുതറിന്റെ മിന്നും പ്രകടനമാണ്. 70 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇന്ത്യ ഡിയുടെ അവസാന 7 വിക്കറ്റുകളും മാനവ് വീഴ്ത്തി. 233 റൺസ് വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തിൽ സി ടീം മറികടക്കുകയും ചെയ്തു.

English Summary:

Ruturaj Gaikwad Has The Last Laugh After Harshit Rana's Flying-Kiss Send Off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com