‘അഫ്ഗാനിൽ ഇതിലും സൗകര്യമുള്ള സ്റ്റേഡിയങ്ങളുണ്ട്’: ബിസിസിഐ അഫ്ഗാൻ, കിവീസ് ടീമുകളെ അപമാനിച്ചോ?
Mail This Article
ന്യൂഡൽഹി∙ ന്യൂസീലൻഡ് – അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മത്സരത്തിനായി ഇന്ത്യ ഒരുക്കിയ വേദിയുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നു. തുടർച്ചയായ രണ്ടാം ദിവസവും ഒരു പന്തു പോലും എറിയാനാകാതെ മത്സരം ഉപേക്ഷിച്ചതോടെ വിവാദം അടുത്ത തലത്തിലേക്കു കടക്കുകയാണ്. ആദ്യ ദിവസം നേടിയ മഴയുണ്ടായിരുന്നെങ്കിൽ, ഒരു തുള്ളി പോലും മഴ പെയ്യാത്ത രണ്ടാം ദിനവും മത്സരം നടത്താനാകാതെ പോയത് ഷഹീദ് വിജയ് സിങ് പതിക് സ്പോർട്സ് കോംപ്ലക്സിലെ സൗകര്യങ്ങളുടെ അപര്യാപ്തതയുടെ നേർക്കാഴ്ചയായി. ഇതിലും സൗകര്യങ്ങളുള്ള സ്റ്റേഡിയം അഫ്ഗാനിസ്ഥാനിലുണ്ടെന്ന് ഒരു അഫ്ഗാൻ അധികൃതർ ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുക കൂടി ചെയ്തതോടെ, ബിസിസിഐ അക്ഷരാർഥത്തിൽ പ്രതിക്കൂട്ടിലായി.
‘‘ഞാൻ ഈ പറയുന്നത് ഒരുപക്ഷേ നിങ്ങൾ വിശ്വസിക്കില്ല. ഈ സ്റ്റേഡിയത്തേക്കാൾ സൗകര്യങ്ങളുള്ള സ്റ്റേഡിയം അഫ്ഗാനിസ്ഥാനിലുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞങ്ങളുടെ സ്റ്റേഡിയങ്ങളും സൗകര്യങ്ങളും കാര്യമായിത്തന്നെ പുരോഗമിച്ചിട്ടുണ്ട്. പക്ഷേ ഇവിടെ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല’ – അഫ്ഗാൻ ക്രിക്കറ്റ് ഉന്നതൻ പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
‘‘ഈ ടെസ്റ്റിനായി ഞങ്ങൾ ആഗ്രഹിച്ച സ്റ്റേഡിയമല്ല ലഭിച്ചത്. ഞങ്ങൾക്ക് ഏറ്റവും താൽപര്യം ലക്നൗ സ്റ്റേഡിയമായിരുന്നു. അതല്ലെങ്കിൽ ഡെറാണൂണിലെ വേദിയാണ് ആഗ്രഹിച്ചത്. ഈ രണ്ടു സ്റ്റേഡിയങ്ങളും ബിസിസിഐ ഇടപെട്ട് വെട്ടി. അവിടെ അതാത് സംസ്ഥാനങ്ങൾ സംഘടിപ്പിക്കുന്ന ട്വന്റ20 ലീഗ് നടക്കുന്നുവെന്നാണ് കാരണമായി പറഞ്ഞത്. അതുകൊണ്ടാണ് ഈ വേദി അനുവദിച്ചത്’ – അദ്ദേഹം പറഞ്ഞു.
നാലു വർഷം മുൻപുണ്ടായിരുന്ന അതേ അവസ്ഥയിലാണ് സ്റ്റേഡിയമെന്നും, യാതൊരു മാറ്റവും വന്നിട്ടില്ലെന്നും അഫ്ഗാൻ നായകൻ ഹഷ്മത്തുല്ല ഷാഹിദിയും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ്, ഇതിലും നല്ല സൗകര്യമുള്ള വേദിയകൾ അഫ്ഗാനിസ്ഥാനിലുണ്ടെന്ന എസിബി ഉന്നതന്റെ പ്രഖ്യാപനം.