ADVERTISEMENT

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെ തോൽപിച്ച് ഏരീസ് കൊല്ലം സെയ്‍ലേഴ്സിന്റെ കുതിപ്പ്. അവസാന പന്തുവരെ നീണ്ട പോരാട്ടത്തിൽ രണ്ടു റൺസ് വിജയമാണ് കൊല്ലം നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ കൊല്ലം 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ആലപ്പുഴയുടെ പോരാട്ടം 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സിൽ അവസാനിച്ചു. അവസാന ഓവറിൽ ആലപ്പുഴയ്ക്കു ജയിക്കാൻ 11 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ കെ.എം. ആസിഫ് എറിഞ്ഞ ഓവറിൽ ആലപ്പുഴ നേടിയത് എട്ട് റൺസ് മാത്രം.

20–ാം ഓവറിലെ മൂന്നാം പന്തിൽ ഫാസിൽ‍ ഫനൂസ് സിക്സർ പറ‍ത്തിയെങ്കിലും അവസാന ബോളിൽ നീൽ സണ്ണിയുടെ വിക്കറ്റ് തെറിപ്പിച്ച് ആസിഫ് കൊല്ലത്തെ വിജയത്തിലെത്തിച്ചു. ആലപ്പുഴയ്ക്കായി ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ അർധ സെഞ്ചറി തികച്ചു. 38 പന്തുകൾ നേരിട്ട അസ്ഹർ 56 റൺസാണു നേടിയത്. വിനൂപ് മനോഹരൻ (27 പന്തിൽ 36), കൃഷ്ണപ്രസാദ് (26 പന്തിൽ 28), ഫാസില്‍ ഫനൂസ് (എട്ട് പന്തിൽ 15) എന്നിവരും ആലപ്പിയ്ക്കായി തിളങ്ങി. മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും മധ്യനിര തകർന്നതോടെ ആലപ്പി പിന്നോട്ടുപോകുകയായിരുന്നു.

കൊല്ലത്തിനു വേണ്ടി ബിജു നാരായണൻ മൂന്നും കെ.എം. ആസിഫ്, ഷറഫുദ്ദീൻ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ അർധ സെഞ്ചറിക്കരുത്തിലാണ് (33 പന്തിൽ 56) കൊല്ലം മികച്ച സ്കോറിലേക്കെത്തിയത്. 24 പന്തിൽ 40 റണ്‍സെടുത്ത രാഹുൽ ശർമ പുറത്താകാതെനിന്നു. അഭിഷേക് നായർ (27 പന്തിൽ 26), അരുൺ പൗലോസ് (19 പന്തിൽ 17) എന്നിവരും തിളങ്ങി. കൊല്ലത്തിനായി വിശ്വേശ്വർ സുരേഷ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി.

English Summary:

Aries Kollam Sailors beat Alleppey Ripples in KCL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com